'വിലക്കാന്‍ ഫിയോക്കിന് ആകില്ല'; അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും

'വിലക്കാന്‍ ഫിയോക്കിന് ആകില്ല'; അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും

കൊച്ചി: അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളിലെത്തുമെന്ന് ലിബര്‍ട്ടി ബഷീര്‍. ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ഈ പ്രതികരണം. ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രമാണ് അവതാര്‍ 2.

അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതിനെ തുടര്‍ന്ന് സിനിമയുടെ റിലീസിന് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ച് പറയുകയാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തോടും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ എല്ലാ ഫെഡറേഷന്‍ അംഗങ്ങളും ചിത്രം തിയേറ്ററുകളിലെത്തിക്കുമെന്നും ഫെഡറേഷന്റെ കീഴിലുള്ള 280 തിയേറ്ററുകളിലും അവതാര്‍ 2 പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ ഫിയോക്കിനൊന്നും വിലക്കാന്‍ കഴിയില്ല. ഒരു മീറ്റിങ് വിളിച്ച് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളു. ആദ്യ രണ്ട് വാരം തിയേറ്റര്‍ വിഹിതത്തിന്റെ 55 ശതമാനവും പിന്നീട് 50 ശതമാനവും സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഡിസംബര്‍ 16നാണ് അവതാര്‍ 2 റിലീസ് ചെയ്യുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ആറ് ഭാഷകളിലായാണ് ചിത്രം ഇന്ത്യയില്‍ എത്തുക. ഡിസ്നിയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. 1832 കോടി രൂപയാണ് സിനിമയുടെ നിര്‍മാണ ചെലവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.