മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു; വിട പറഞ്ഞത് രാജ്യത്തെ വികസന വഴിയിലേക്ക് നയിച്ച നേതാവ്

മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു; വിട പറഞ്ഞത് രാജ്യത്തെ വികസന വഴിയിലേക്ക് നയിച്ച നേതാവ്

ബീജിങ്: മുന്‍ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ നേതാവുമായ ജിയാങ് സെമിന്‍ (96) അന്തരിച്ചു. ലുക്കീമിയ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതും മരണ കാരണമായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് 12.13ന് ഷാങ്ഹായിലെ വീട്ടിലായിരുന്നു അന്ത്യം.

ചൈനയെ പ്രധാന സാമ്പത്തിക ശക്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ജിയാങ് സെമിന്‍. 1989 ല്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ക്കെതിരെ നടന്ന ടിയാനന്‍മെന്‍ കലാപത്തിന് ശേഷമാണ് ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി അദ്ദേഹം അധികാരത്തില്‍ എത്തിയത്.

പാര്‍ട്ടിയിലെ യാഥാസ്ഥിതികരും പരിഷ്‌കര്‍ത്താക്കളും തമ്മിലുള്ള പോരിന് ശേഷമായിരുന്നു ഇത്. ഇരു വിഭാഗങ്ങളെയും ഏകീകരിക്കാനുള്ള ശ്രമങ്ങളെ തുടര്‍ന്നുണ്ടായ ഒരു വിട്ടുവീഴ്ചയുടെ ഭാഗമായാണ് ജിയാങ് സെമിന്‍ അധികാരത്തിലെത്തിയത്.

ജിയാങ് സെമിന്റെ നേതൃത്വത്തിലാണ് ചൈന ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തത്. ലോക ശക്തികളുടെ കൂട്ടത്തില്‍ ചൈന നിര്‍ണായക സ്ഥാനം പിടിച്ചതും ജിയങ് സെമിന്റെ ഭരണ കാലത്തായിരുന്നു.

1997 ലെ ഹോങ്കോങ് കൈമാറ്റത്തിനും 2001 ലെ ചൈനയുടെ ലോക വ്യാപാര സംഘടനയിലേക്കുള്ള പ്രവേശനത്തിനും ജിയാങ് മേല്‍നോട്ടം വഹിച്ചു. അതേസമയം 1999 ല്‍ മതവിഭാഗമായ ഫലുന്‍ ഗോങിനെ ശക്തമായി അടിച്ചമര്‍ത്തിയ സംഭവത്തില്‍ ജിയാങ് സെമിന് രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.