അനുദിന ജീവിതത്തില്‍ യേശുവിനെ തിരിച്ചറിയാം; അല്ലെങ്കില്‍ അന്ത്യകാലത്ത് അവന്‍ വരുമ്പോള്‍ നാം ഒരുക്കമില്ലാത്തവരായി കാണപ്പെടും: മാര്‍പ്പാപ്പ

അനുദിന ജീവിതത്തില്‍ യേശുവിനെ തിരിച്ചറിയാം; അല്ലെങ്കില്‍ അന്ത്യകാലത്ത്  അവന്‍ വരുമ്പോള്‍ നാം ഒരുക്കമില്ലാത്തവരായി കാണപ്പെടും: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തിലെ യേശുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കണമെന്നും അല്ലെങ്കില്‍ അന്ത്യകാലത്ത് അവന്‍ വരുമ്പോള്‍ നാം ഒരുക്കമില്ലാത്തവരായി കാണപ്പെടുമെന്നും ഫ്രാന്‍സിസ് പാപ്പ. നോമ്പു കാലത്തിന്റെ ആദ്യ ഞായറാഴ്ചയില്‍ മധ്യാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.

ജീവിതത്തിലെ ദൈവീക സാന്നിധ്യം നാം എപ്പോഴും വിവേചിച്ചറിയേണ്ടതുണ്ട്. ഭൗതിക കാര്യങ്ങളില്‍ മാത്രമായി ശ്രദ്ധ വ്യതിചലിക്കുമ്പോള്‍ ഈ സാന്നിധ്യത്തെ നഷ്ടപ്പെടുത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

ദിവ്യബലി മധ്യേ വായിച്ച മത്തായിയുടെ സുവിശേഷം 24-ാം അധ്യായം 42-ാം വാക്യത്തെ അധികരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. 'നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍'. ഇതാണ് നമ്മുടെ പ്രതീക്ഷയുടെ അടിസ്ഥാനം. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയങ്ങളില്‍ പോലും നമ്മെ താങ്ങി നിര്‍ത്തുന്നത് ഈ പ്രതീക്ഷയാണ്.

അസാധാരണവും അതിശയകരവുമായ സംഭവങ്ങളില്‍ മാത്രമല്ല ദൈവത്തിന്റെ സാന്നിധ്യം നാം തിരിച്ചറിയേണ്ടത്. മറിച്ച് നമ്മുടെ ദൈനംദിന കാര്യങ്ങളിലെ സാധാരണതയില്‍ പോലും അവിടുന്ന് പ്രത്യക്ഷപ്പെടുന്നതായി പാപ്പ ചൂണ്ടിക്കാട്ടി. നോഹയുടെ കാലത്തെ പോലെ, നാം പ്രതീക്ഷിക്കാത്ത നേരത്തും ദൈനംദിന ജീവിതത്തിലും ദൈവം വരും. അവിടുത്തെ സാന്നിധ്യത്തെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കണം.

നമ്മുടെ ജീവിതത്തില്‍ എല്ലായ്‌പ്പോഴും കര്‍ത്താവ് സന്നിഹിതനാകുന്നുവെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. ദൈവം നമ്മുടെ അടുത്തിരിക്കുന്നു. ആലിംഗനത്തോടെ നമ്മെ സ്വാഗതം ചെയ്യാന്‍ അവസാനസമയം അവിടുന്ന് മടങ്ങിവരും. എന്നാല്‍ ഈ വാഗ്ദാനം സ്വാഭാവികമായും നമ്മുടെ ഉള്ളില്‍ അവശേഷിപ്പിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. നമ്മെ സ്വാഗതം ചെയ്യാന്‍ കര്‍ത്താവ് എങ്ങനെയായിരിക്കും വരുക? എങ്ങനെ അവിടുത്തെ വരവിനെ തിരിച്ചറിഞ്ഞ് നാം സ്വാഗതം ചെയ്യും?

നമ്മുടെ ജീവിതത്തില്‍ കര്‍ത്താവ് എല്ലായ്‌പ്പോഴും സന്നിഹിതനാണെന്നും നമ്മുടെ യാത്രയില്‍ അവിടുന്ന് അനുഗമിക്കുന്നുണ്ടെന്നും എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ജീവിതത്തിലെ മറ്റു പല ലൗകിക കാര്യങ്ങളിലും ശ്രദ്ധ തിരിക്കുന്നതിനാലാവാം, ഈ യാഥാര്‍ത്ഥ്യത്തെ നാം അവഗണിക്കുന്നു. അല്ലെങ്കില്‍ അതിശയകരവും അത്ഭുതകരവുമായ അടയാളങ്ങളില്‍ മാത്രം കര്‍ത്താവിന്റെ സാന്നിധ്യം തിരയുന്നു.

നോഹയുടെ കാലത്ത് സംഭവിച്ചത് ആവര്‍ത്തിക്കപ്പെടുമെന്ന് യേശു പറഞ്ഞത് പാപ്പാ ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്കത്തില്‍ അകപ്പെടുന്നത് വരെ സ്വന്തം കാര്യങ്ങളില്‍ മുഴുകി ജീവിതം നയിച്ചിരുന്ന ജനങ്ങളെക്കുറിച്ചാണ് യേശു പരാമര്‍ശിച്ചത്. അവര്‍ ജാഗരൂകരായിരുന്നില്ല. നാം പ്രതീക്ഷിക്കാത്ത സമയത്തും ദൈനംദിന ജീവിതത്തിലും ദൈവം വരുമെന്ന് ഈ സുവിശേഷ ഭാഗത്തിലൂടെ യേശു ഓര്‍മിപ്പിക്കുന്നു.

ദൈവം നമ്മുടെ എല്ലാ സാഹചര്യങ്ങളിലും ഒപ്പമുണ്ടെങ്കിലും അവിടുന്ന് മറഞ്ഞിരിക്കുന്നു. അസാധാരണമായ സംഭവങ്ങളിലല്ല അവിടുത്തെ സാന്നിധ്യം നാം തിരിച്ചറിയുന്നത് മറിച്ച് ദൈനംദിനമുള്ള കാര്യങ്ങളിലെ സാധാരണതയില്‍ അവന്‍ പ്രത്യക്ഷപ്പെടുന്നു. നമ്മെ ആവശ്യമുള്ള ഒരാളെ അഭിമുഖീകരിക്കുമ്പോഴോ ജീവിതത്തിലെ വിരസമോ നിശബ്ദമോ ക്ലേശകരമായതോ ആയ നിമിഷങ്ങളിലും ഇത് സംഭവിക്കാം. നമ്മെ വിളിക്കുകയും സംസാരിക്കുകയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്ന കര്‍ത്താവിനെ നാം കണ്ടെത്തുന്നത് അവിടെയാണ്.

അനുദിന ജീവിതത്തിലെ ഓരോ നിമിഷത്തിലും അവിടുത്തെ വരവിനായി നാം ഉണര്‍ന്നിരിക്കുകയും അതീവജാഗ്രത പുലര്‍ത്തുകയും വേണമെന്ന്‌ യേശു നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. അവന്റെ വരവ് ശ്രദ്ധിക്കാതിരിക്കുന്നതും അവന്റെ സന്ദര്‍ശനത്തിന് തയാറാകാതിരിക്കുന്നതും അപകടമാണ്.

വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത് ഇപ്രകാരമാണ്: 'കടന്നുപോകുന്ന കര്‍ത്താവിനെ ഞാന്‍ ഭയപ്പെടുന്നു', അതായത്, എനിക്ക് തിരിച്ചറിയാന്‍ പറ്റാതെ അവിടുന്ന് കടന്നുപോകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. നോഹയുടെ കാലത്തെ ആളുകള്‍ ജാഗരൂകരായിരുന്നില്ല. സ്വന്തം കാര്യങ്ങളില്‍ വ്യാപൃതരായ അവര്‍, പ്രളയം വരാന്‍ പോകുകയാണെന്ന് പോലും തിരിച്ചറിഞ്ഞില്ല.

ഈ നോമ്പു കാലത്ത് ആലസ്യത്തെ ഉപേക്ഷിക്കാനും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് എപ്പോഴും ജാഗരൂകരായിരിക്കാനും നമുക്ക് സാധിക്കണം. ദൈനംദിന സാഹചര്യങ്ങളില്‍ ദൈവ സാന്നിധ്യം തിരിച്ചറിയാന്‍ നാം ജാഗ്രത ഉള്ളവരാണോ എന്ന് സ്വയം ചോദിക്കാം. ഇന്ന് അവന്റെ വരവ് നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, അന്ത്യകാലത്ത് അവന്‍ വരുമ്പോള്‍ നാം ഒരുക്കമില്ലാത്തവരായി കാണപ്പെടും. അതിനാല്‍, നമുക്ക് ജാഗരൂകരായിരിക്കാം!

നസ്രത്തില്‍ തന്റെ എളിമയാര്‍ന്ന ജീവിതത്തിലൂടെ ദൈവവചനം ഗ്രഹിക്കുകയും ആ വചനത്തെ തന്റെ ഉദരത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്ത പരിശുദ്ധ കന്യക മറിയം നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കര്‍ത്താവിനെ ജാഗ്രതയോടെ കാത്തിരിക്കാന്‍ നമ്മെ സഹായിക്കട്ടെ.

മാര്‍പാപ്പയുടെ കൂടുതല്‍ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.