പോളണ്ടിനെ ഇരട്ട ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

പോളണ്ടിനെ ഇരട്ട ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ദോഹ: അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിട. അര്‍ജന്റീന   പ്രീ ക്വാര്‍ട്ടറില്‍ ഉണ്ടാകും. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആദ്യപകുതിയില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടിയ പോളിഷ് പട രണ്ടാംപകുതിയില്‍ ഇരട്ട ഗോള്‍ വഴങ്ങുകയായിരുന്നു. മാക് അലിസ്റ്ററും(46), ജൂലിയന്‍ ആല്‍വാരസുമാണ്(67) മെസിപ്പടയ്ക്കായി ലക്ഷ്യംകണ്ടത്. 

നാല് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളത്തിറങ്ങിയത്. 4-3-3-ശൈലിയില്‍ അര്‍ജന്റീന മൈതാനത്തുവന്നു. മെക്‌സിക്കോയ്‌ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തിയതാണ് ഏറ്റവും ശ്രദ്ധേയം.

ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗറ്റാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസിനെ ആദ്യം ഇറക്കി. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ നിക്കോളാസ് ഒട്ടമെന്‍ഡിയും ടീമില്‍ ഇടം നേടി. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമെത്തി.

പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന 4-4-2 ശൈലിയിലായിരുന്നു പോളണ്ട് ടീം. പ്രതിരോധ കരുത്ത് തന്നെയായിരുന്നു മത്സരത്തിന്‍റെ ആദ്യപകുതിയിലും കണ്ടത്. 

ആദ്യ പകുതിയുടെ രണ്ടാം മിനിറ്റില്‍ മെസിയെടുത്ത കോര്‍ണ‍ര്‍ പ്രതിരോധം മറികടക്കാന്‍ കഴിയാതെ പോയി. ഏഴാം മിനിറ്റില്‍ മെസിയുടെ ഷോട്ട് ഗോളി സ്റ്റെന്‍സി അനായാസമായി പിടികൂടി. 11-ാം മിനിറ്റില്‍ മെസിയുടെ മറ്റൊരു ഷോട്ട് കൂടി ഗോളിയില്‍ അസ്തമിച്ചു. 17-ാം മിനിറ്റില്‍ അക്യുനയുടെ ഷോട്ട് ബാറിന് മുകളിലൂടെ പാറി. 19-ാം മിനിറ്റില്‍ അക്യുനയുടെ മറ്റൊരു ശ്രമം ഗോളി തടുത്തു. 28-ാം മിനിറ്റില്‍ അക്യുനയുടെ മിന്നല്‍പ്പിണ‍ര്‍ പോസ്റ്റിനെ ഉരുമി കടന്നുപോയി. 32-ാം മിനിറ്റില്‍ ഡി മരിയയുടെ മഴവില്‍ കോര്‍ണര്‍ സ്റ്റെന്‍സി പറന്ന് തട്ടിയകറ്റിയത് ആകര്‍ഷകമായി. അങ്ങനെ ആദ്യ പകുതിയിൽ അര്‍ജന്റീനക്ക്‌ കിട്ടിയ അവസരങ്ങൾ വിരലിലെണ്ണാവുന്നതിലും ഏറെയായിരുന്നു.

36-ാം മിനുറ്റില്‍ അര്‍ജന്റീനക്ക്‌ അനുകൂലമായി കിട്ടിയ പെനാൽറ്റി മെസ്സിക്ക്‌ ഗോളക്കി മാറ്റാനായില്ല. പോളിഷ് ഗോളി സ്റ്റെന്‍സി അത് തട്ടിയകറ്റി. ഇതടക്കം ഏഴ് സേവുകളാണ് സ്റ്റെന്‍സിയുടെ കൈകളില്‍ നിന്ന് ആദ്യ പകുതിയിൽ ഉണ്ടായത്. 

ആദ്യപകുതിയിലെ വീഴ്‌ചയ്ക്ക് പ്രായശ്ചിത്തം എന്നോളം 47-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡ് പിടിച്ചു. മാക് അലിസ്റ്ററാണ് വലകുലുക്കിയത്. തൊട്ടുപിന്നാലെ ഹെഡറിലൂടെ തുല്യത പിടിക്കാനുള്ള അവസരം പോളണ്ട് പാഴാക്കി. 68-ാം മിനിറ്റില്‍ എല്‍സോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്‍റീനയുടെ ഗോള്‍നില രണ്ടാക്കി. പിന്നീട് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അര്‍ജന്റീനക്കായില്ലെങ്കിലും ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ടീം ഉറപ്പിച്ചിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.