ബോൺ നത്താലെ - സത്രത്തിൽ ഒരിടം - സാൻറ്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ

ബോൺ നത്താലെ - സത്രത്തിൽ ഒരിടം - സാൻറ്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ സാൻറ്റ സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാൻ ഇടമില്ലാതെ പാതയോരങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്ന അശരണർക്ക് ആശ്വാസമേകുവാൻ 'ബോൺ നത്താലെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാൻറ്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേർ ഈ സംഗമത്തിൽ പങ്കെടുക്കും.

സത്രത്തിൽ ഇടമില്ലാത്തതിനാൽ പുൽക്കൂട്ടിൽ പിറക്കേണ്ടിവന്ന ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയുടെ പിന്നിൽ. ഭാവനരഹിതരായി വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്മസ് രാത്രിയിൽ തലചായ്ക്കാൻ ഒരിടം തയ്യാറാക്കിക്കൊടുക്കുവാൻ യുകെയിലെ പ്രശസ്തമായ ചാരിറ്റി സംഘടനയായ സെന്റ് മംഗോസ് ചാരിറ്റിയുമായി കൈകോർത്തുകൊണ്ടാണ് ഈ സംഗമം അരങ്ങേറുന്നത്.

2022 ഡിസംബർ 18 ഞായറാഴ്ച ഉച്ചക്ക് 1 .30 ന് എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ സെന്റ്. ജോസഫ് ചാപ്പലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധകുർബാനക്കു ശേഷം പ്രയറിയിലെ ഓപ്പൺ പിയാസ്സയിൽ സാന്റാക്ളോസ് സംഗമം അരങ്ങേറും. ലണ്ടൻ റീജിയന്റെ വിവിധ മിഷനുകളിൽ നിന്നും സാന്റയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും സംഘം ഓപ്പൺ പിയാസ്സയിൽ അണിനിരന്ന് നൃത്തച്ചുവടുകൾ വയ്ക്കും. എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌന്റ്റ് കാർമൽ മിഷനിൽ നിന്നുള്ള ഗായകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കും. സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയർ, കൗൺസിലർമാർ, കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നവരും സംഗമത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കും.

സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ് ചാരിറ്റി വഴി ഭവനരഹിതർക്ക് ക്രിസ്മസ് ദിനത്തിൽ താമസമൊരുക്കുവാൻ ഉപയോഗിക്കുമെന്ന് ലണ്ടൻ റീജിയൻ ഡയറക്ടറും 'ബോൺ നത്താലെ' ചീഫ് കോർഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു.

'സത്രത്തിൽ ഒരിട'ത്തിനു വേണ്ടി സംഘടിപ്പിക്കുന്ന ബോൺ നത്താലെ ചാരിറ്റിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ: റോജോ : 07846038034, ജോസഫ് കരുമെത്തി : 07760505659, ജോസഫ് ജോസഫ്: 07550167817


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.