കെ.കെ മഹേശിന്റെ മരണം: വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി, തുഷാര്‍ മൂന്നാം പ്രതി

കെ.കെ മഹേശിന്റെ മരണം: വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി, തുഷാര്‍ മൂന്നാം പ്രതി

ആലപ്പുഴ: കെ.കെ. മഹേശിന്റെ മരണത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനേജര്‍ കെ.എല്‍ അശോകന്‍ രണ്ടാം പ്രതിയും തുഷാര്‍ വെള്ളാപ്പള്ളി മൂന്നാം പ്രതിയുമാണ്. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കണിച്ചുകുളങ്ങര മുന്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശിന്റെ മരണത്തില്‍ ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

കെ.കെ മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ സുഭാഷ് വാസുവടക്കമുള്ള എസ്എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതിരോധിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂണ്‍ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് കെ.കെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.