തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്തെത്തിയ വിദേശ വനിതയെ ലഹരി മരുന്നു നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി.
തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിക്കും.
കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ആയുര്‍വേദ ചികിത്സക്കെത്തിയ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടത്. വിദേശ വനിത കോവളത്തെത്തിയപ്പോള്‍ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
ആയുര്‍വേദ ചികില്‍സക്കായി സഹോദരിക്കും സുഹൃത്തിനും ഒപ്പം 2018 ഫെബ്രുവരി 21 ന് പോത്തന്‍കോട്ടെത്തിയ യുവതി മാര്‍ച്ച് പതിനാലിന് കോവളത്തേക്ക് പോയി. ഇതിനുശേഷം ഇവരെ കാണാതായന്നായിരുന്നു പരാതി.
സംഭവം നടന്ന് 36 ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകി തല വേര്‍പ്പെട്ട നിലയില്‍ പൊന്തക്കാട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് കാണാതായ ലാത്വിയന്‍ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് മനസിലായത്.
കുറ്റപത്രം നല്‍കി മൂന്നു വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ രണ്ടു സാക്ഷികള്‍ കൂറുമാറിയിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ജാക്കറ്റ് പ്രതികളിലൊരാള്‍ക്ക് വിറ്റതാണെന്ന് മൊഴി നല്‍കിയ കോവളത്തെ ഒരു കട ഉടമയായ ഉമറാണ് വിചാരണ വേളയില്‍ കൂറുമാറിയ ഒരാള്‍.
മറ്റൊരാള്‍ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ അശോക് കുമാറാണ്. മരിച്ച യുവതിയുടെ ശരീരത്തിനുള്ളില്‍ വെള്ളം ഉണ്ടായിരുന്നു. ഇതിലെ ബാക്ടീരിയയുടെ അംശവും തൊട്ടടുത്ത ജലാശയത്തിലെ ബാക്ടീരയുടെ സാന്നിധ്യവും സാമ്യം ഉള്ളതായിരുന്നു.
അതിനാല്‍ തന്നെ വെള്ളത്തില്‍ വീണാകാം മരണമെന്ന സംശയമാണ് അശോക് കുമാര്‍ ഉന്നയിച്ചത്. എന്നാല്‍ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മുന്‍ എച്ച്ഒഡി ഡോ. ശശികലയുടെ റിപ്പോര്‍ട്ടാണ് കേസില്‍ ശാസ്ത്രീയ തെളിവായി മാറിയത്. അഡ്വ. മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.