കോഴിക്കോട് നടന്നത് വന്‍ ബാങ്ക് തട്ടിപ്പ്; പണം മുടക്കിയത് ഓണ്‍ലൈന്‍ ഗെയിമിലെന്ന് സൂചന; സി.ബി.ഐ അന്വേഷണത്തിന് സാധ്യത

കോഴിക്കോട് നടന്നത് വന്‍ ബാങ്ക് തട്ടിപ്പ്; പണം മുടക്കിയത് ഓണ്‍ലൈന്‍ ഗെയിമിലെന്ന് സൂചന; സി.ബി.ഐ അന്വേഷണത്തിന് സാധ്യത

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരി വിപണയിലുമെന്ന് സൂചന. എട്ട് കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ ചെലവാക്കിയതെന്നാണ് കരുതുന്നത്.

തട്ടിപ്പ് നടന്നത് പൊതുമേഖല ബാങ്കിലായതിനാല്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. മൂന്നുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നാല്‍ ബാങ്ക് സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം.

ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ ചെന്നൈയില്‍ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ഇതിനുശേഷം തുക കൃത്യമായി കണക്കാക്കി ബാങ്ക് അധികൃതര്‍ സി.ബി.ഐയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, ബാങ്കിലെ പണം തട്ടിപ്പ് കേസില്‍ പ്രതിയായ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. സാധാരണ കുടുംബത്തിലെ അംഗമായ റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

റിജില്‍ പുതിയ വീട് നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന് 80 ലക്ഷം രൂപ ബാങ്ക് വായ്പയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റിജിലിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന റിജില്‍ ചെറിയ തുകകളായാണ് പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. പിതാവിന്റെ അക്കൗണ്ടിലേക്ക് തുക മാറ്റിയപ്പോള്‍ തുക എവിടെ നിന്ന് വന്നെന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു.

സീനിയര്‍ മാനേജര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. സീനിയര്‍ മാനേജരുടെ അധികാരം ഇയാള്‍ ദുരുപയോഗം ചെയ്തതായും ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി ഏകദേശം 14.5 കോടി രൂപയാണ് തട്ടിയെടുത്തത്. വ്യാപക ക്രമക്കേട് നടത്തി പണം അപഹരിച്ചെന്ന പരാതി വന്നതോടെ നിലവില്‍ എരഞ്ഞിപ്പാലം ശാഖയില്‍ മാനേജരായിരുന്ന റിജിലിനെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിലെ മറ്റ് അക്കൗണ്ടുകളില്‍ നിന്നും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.