ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ യുവജനങ്ങള്‍ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ക്ക് പ്രചോദനം; മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി

ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ യുവജനങ്ങള്‍ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ക്ക് പ്രചോദനം; മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി

സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനം 'യുണൈറ്റ് 2022'-ന് ഭക്തിനിര്‍ഭരമായ തുടക്കം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ സഭാംഗങ്ങളായ യുവജനങ്ങള്‍ രാജ്യത്തുടനീളമുള്ള കത്തോലിക്ക വിശ്വാസികള്‍ക്ക് പ്രചോദനവും മാതൃകയുമാണെന്ന് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ആന്‍ഡ്രൂ കോമെന്‍സോലി. മെല്‍ബണില്‍ ആരംഭിച്ച സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനമായ 'യുണൈറ്റ് 2022'-ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

വെര്‍ച്വല്‍ ലോകത്തിന് ഒരിക്കലും കുടുംബത്തിന്റെയോ യഥാര്‍ത്ഥ ലോകാനുഭവത്തിന്റെയോ പകരമാകാന്‍ കഴിയില്ല. യേശു ആളുകളെ കണ്ടുമുട്ടുകയും അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും ചെയ്തതുപോലെ, നാമെല്ലാവരും വ്യക്തിപരമായി കണ്ടുമുട്ടാനും മുഖാമുഖം കാണാനും സുവിശേഷം പ്രചരിപ്പിക്കാനുമായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു.


മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി മുഖ്യ പ്രഭാഷണം നടത്തുന്നു

വെള്ളിയാഴ്ച്ച രാവിലെയാണ് വര്‍ണാഭമായ പരിപാടികളോടെ ത്രിദിന യുവജന ദേശീയ സമ്മേളനത്തിന് മെല്‍ബണിലെ ഫിലപ്പ് ഐലന്‍ഡ് അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ തുടക്കം കുറിച്ചത്. ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി, മാര്‍ ബോസ്‌കോ പുത്തൂര്‍, മെല്‍ബണ്‍ രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റിന്‍, ഹാന്‍സന്‍ വില്‍സണ്‍, ക്രിസ്റ്റീന വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന ദീപം തെളിച്ചു.

സിറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍, അമേരിക്കയില്‍ ജനിച്ച്, ചിക്കാഗോ സിറോ മലബാര്‍ രൂപതയില്‍നിന്നുള്ള ആദ്യവൈദികന്‍ ഫാ. കെവിന്‍ മുണ്ടയ്ക്കല്‍, വിക്ടോറിയയില്‍നിന്നുള്ള വൈദികനും പ്രശസ്ത ഗായകനുമായ ഫാ. റോബ് ഗാലിയ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യ ദിന സമ്മേളനത്തില്‍ പങ്കെടുത്തു. ഹാന്‍സന്‍ വില്‍സണ്‍ നന്ദി പ്രകാശിപ്പിച്ചു.


സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച മാര്‍ഗം കളി

കത്തോലിക്ക വിശ്വാസി എന്ന നിലയില്‍ സ്വയം പുതുക്കാനും സഭയെ പുനര്‍നിര്‍മിക്കാനും സംസ്‌കാരികമായ വിപ്ലവം സൃഷ്ടിക്കാനും സിറോ മലബാര്‍ സഭയിലെ യുവജനങ്ങള്‍ക്കു കഴിയണമെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ സമ്മേളത്തിന്റെ ആമുഖ പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അറുന്നൂറോളം സിറോ മലബാര്‍ യുവജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ക്രൈസ്തവരുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗം കളിയും മെല്‍ബണ്‍ രൂപതയുടെ കീഴിലുള്ള യൂത്ത് ബാന്‍ഡ് 'സോങ്‌സ് ഓഫ് സെറാഫിം' ആലപിച്ച തീം സോങ്ങും അടക്കമുള്ള കലാപരിപാടികള്‍ സമ്മേളനത്തിനു മിഴിവേകി.


മെല്‍ബണ്‍ രൂപതയുടെ കീഴിലുള്ള യൂത്ത് ബാന്‍ഡ് 'സോങ്‌സ് ഓഫ് സെറാഫിം' ആലപിച്ച തീം സോംഗ്‌

മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സിറോ മലബാര്‍ പാരിഷ് എന്നിവിടങ്ങളില്‍നിന്നുള്ള സംഘം സമ്മേളനത്തിന്റെ പ്രമേയം അടിസ്ഥാനമാക്കിയുള്ള നൃത്തരൂപം അവതരിപ്പിച്ചു.

സമ്മേളനത്തിന്റെ നാലു ദിവസങ്ങളിലും പ്ലീനറി സെഷനുകള്‍, ശില്‍പശാലകള്‍ എന്നിവ ഉണ്ടാകും. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്.



സംഗീത സെഷനുകള്‍, പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍ എന്നിവ അടങ്ങുന്നതാണ് പ്ലീനറിസെഷനുകള്‍. ഓരോ ദിവസത്തെയും സെഷനുകള്‍ക്ക് പ്രത്യേക തീം ഉണ്ടായിരിക്കും. വിവിധ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകമായാണ് ശില്‍പശാലകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.