കോട്ടയം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെ ശശി തരൂർ എംപി ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിലും പങ്കെടുക്കുന്ന തരൂർ പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തും.
അതേസമയം പരിപാടിയെക്കുറിച്ച് മുൻകൂട്ടി അറിയിക്കാത്തതിനാൽ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും കെ.പി.സി.സി അച്ചടക്ക സമിതി പ്രസിഡന്‍റ് തിരുവഞ്ചൂർ രാധാകൃഷ്ണനും പരിപാടിയിൽ പങ്കെടുക്കില്ല.
ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് 5.30 നാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. 'വർഗീയ ഫാസിസം ഇന്നിന്റെ കാവലാൾ' എന്ന വിഷയത്തിലാണ് ശശി തരൂർ സംസാരിക്കുക.
കൂടിയാലോചനയില്ലാതെ സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ചും അറിയിപ്പ് ലഭിച്ചില്ല. ശശി തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞു ഒരു കോൾ വന്നു. എന്നാൽ ഒന്നും പറയാതെ കോൾ കട്ട് ചെയ്തു.
സംഘടനാ കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും നാട്ടകം സുരേഷ് പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിട്ടുനിൽക്കുന്നത്.
കോട്ടയത്തെ പരിപാടിക്ക് ശേഷം നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും തരൂർ എത്തും. വൈകുന്നേരം എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിൽ അതിഥിയാണ് തരൂർ. തിങ്കളാഴ്ച രാവിലെ കർദിനാൾ മാർ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചന ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.