അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ വഴി മയക്കു മരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിന്‍, മറ്റ് സ്ഫോടക വസ്തുക്കള്‍, ആയുധങ്ങളും വെടിക്കോപ്പുകളും പാക് ഡ്രോണില്‍ നിന്നും ബിഎസ്എഫ് കണ്ടെടുത്തു. ഫസില്‍ക്കാ ജില്ലയിലെ ചുരിവാല ചുസ്തി ഗ്രാമത്തിലാണ് പാക് ഡ്രോണ്‍ കണ്ടെത്തിയത്.
മൂന്ന് പാക്കറ്റുകളിലായി 7.5 കിലോ ഹെറോയിന്‍ ശേഖരം, പിസ്റ്റളുകള്‍, രണ്ട് മാഗസിനുകള്‍, 50 റൗണ്ട് വെടിമരുന്ന് എന്നിവയാണ് ഡ്രോണില്‍ നിന്ന് കണ്ടെടുത്തതെന്ന് ബിഎസ്എഫ് അറിയിച്ചു. അതിര്‍ത്തിയില്‍ വലിയ ശബ്ദം കേട്ടാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. പാക് അതിര്‍ത്തിയില്‍ നിന്ന് ഡ്രോണ്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പൊലീസിനെയും സുരക്ഷാ സേനയെയും അറിയിച്ചു.
തുടര്‍ച്ചയായി ഡ്രോണിന് നേരെ സേന വെടിയുതിര്‍ത്തു. ഇതേ സമയം പ്രദേശത്ത് സംശയാസ്പദമായ രീതിയില്‍ നാല് പേര്‍ നീങ്ങുന്നതായി കണ്ട് വെടിയുതിര്‍ത്തിരുന്നെങ്കിലും ആക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ പാക് അതിര്‍ത്തി കടക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് വന്‍ മയക്കുമരുന്ന്, ആയുധ ശേഖരം കണ്ടെത്തിയത്. ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച 12 കിലോ ഹെറോയിന്‍ പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും മയക്കുമരുന്ന് കണ്ടെടുത്തത്. പഞ്ചാബ് പൊലീസിന്റെയും ബിഎസ്എഫിന്റെയും സംയുക്ത തിരച്ചിലിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.