പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം നെതര്‍ലാന്‍ഡ്‌സിന്; യുഎസിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

പ്രീക്വാര്‍ട്ടറിലെ ആദ്യ ജയം നെതര്‍ലാന്‍ഡ്‌സിന്; യുഎസിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ദോഹ: നോക്കൗട്ടിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ യു.എസ്.എയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. യുഎസിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്താണ് ഡച്ച് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. മെംഫിസ് ഡീപേ, ഡാലെ ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവര്‍ നെതര്‍ലന്‍ഡ്സിനായി വലകുലുക്കിയപ്പോള്‍ യുഎസിന്റെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി. 

തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഫിനിഷിങിലെ മികവാണ് നെതര്‍ലാന്‍ഡ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. കളിതുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് യുഎസ്എയായിരുന്നു. നെതര്‍ലന്‍ഡ്സ് ടീമിന്റെ ഓഫ്സൈഡ് ട്രാപ് പൊളിച്ച് പന്ത് സ്വീകരിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഡച്ച് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് രക്ഷപ്പെടുത്തി. 

പിന്നാലെ ഡച്ച് ബോക്സിലേക്ക് യുഎസ് തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. പക്ഷെ അവയെല്ലാം ഡെച്ച് പ്രതിരോധ കോട്ടയില്‍ തട്ടി നിഷ്ഫലമായി. ഇതിനിടെ സ്വന്തം ഹാഫില്‍ നിന്നുള്ള മികച്ചൊരു മുന്നേറ്റം നെതര്‍ലന്റിനു ആദ്യ ഗോള്‍ സമ്മാനിച്ചു. 10-ാം മിനിറ്റില്‍ വണ്‍ടച്ച് ഗെയിമിനൊടുവില്‍ ഡെന്‍സല്‍ ഡംഫ്രിസ് നല്‍കിയ ക്രോസ് ഡീപേ പോസ്റ്റിന്റെ ഇടത് മൂലയില്‍ കയറ്റുകയായിരുന്നു.

തുടര്‍ന്ന് കളംപിടിച്ച നെതര്‍ലന്‍ഡ്സ് കോഡി ഗാക്പോ, ഡംഫ്രിസ്, ഡാലെ ബ്ലിന്‍ഡ് എന്നിവരിലൂടെ മികച്ച അറ്റാക്കിങ് റണ്ണുകള്‍ നടത്തി. എന്നാല്‍ യുഎസ്എ നിരന്തരം പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. ഇതിനിടെ 43-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള തിമോത്തി വിയയുടെ ഷോട്ടും നൊപ്പേര്‍ട്ട് തട്ടിയകറ്റി.

പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ബ്ലിന്‍ഡിലൂടെ നെതര്‍ലന്‍ഡ്സ് രണ്ടാം ഗോളും നേടി. ക്രോസുകള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ യുഎസ് ടീമിനുള്ള ദൗര്‍ബല്യം തെളിയിക്കുന്നതായിരുന്നു രണ്ടാം ഗോളും. ഇത്തവണയും ഡിഫന്‍ഡര്‍മാരെ മറികടന്ന് ഡംഫ്രിസ് നല്‍കിയ പാസ് ഓടിയെത്തിയ ബ്ലിന്‍ഡ് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ യുഎസ് കഠിനമായി പ്രയത്നിച്ചു. 50-ാം മിനിറ്റില്‍ പുലിസിച്ചിന്റെ ക്രോസില്‍ നിന്നുള്ള വെസ്റ്റണ്‍ മക്കെന്നിയുടെ ഹെഡര്‍ നെപ്പോര്‍ട്ട് തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് വന്ന പന്തില്‍ നിന്നുള്ള ടിം റീമിന്റെ ഗോള്‍ശ്രമം നെതര്‍ലന്‍ഡ്സ് ഡിഫന്‍ഡര്‍ ഗോള്‍ ലൈനില്‍ വെച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

61-ാം മിനിറ്റില്‍ ഡീപേയുടെ ഷോട്ട് യുഎസ് ഗോളി തട്ടിയകറ്റി. ഒടുവില്‍ 76-ാം മിനിറ്റില്‍ പകരക്കാരന്‍ ഹാജി റൈറ്റിലൂടെ യുഎസ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 81-ാം മിനിറ്റില്‍ ഡംഫ്രിസിലൂടെ മൂന്നാം ഗോള്‍ നേടിയ നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.