ഓസിസിനെ കടല്‍ കടത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു

 ഓസിസിനെ കടല്‍ കടത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു

ദോഹ: ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍. സൂപ്പര്‍താരം ലയണല്‍ മെസിയും, യുവതാരം ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്കായി നേടിയത്.

ഡിസംബര്‍ ഒന്‍പതിന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ നേരിടും. എട്ടു വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടറില്‍ കടക്കുന്നത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ മെസിയാണ് സ്‌കോറിങ് തുടങ്ങിയത്. ബോക്‌സിന്റെ വലതുവിങ്ങില്‍ നിന്നുള്ള ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോളി മാറ്റ് റയാന്റെ ഗുരുതരമായ പിഴവ് മുതലെടുത്ത് ജൂലിയന്‍ ആല്‍വരസ് രണ്ടാം ഗോള്‍ വലയിലാക്കി. പന്തടകത്തിലും പാസിങ്ങിലും മുന്നിട്ടു നിന്നെങ്കിലും അതീവേഗ മുറ്റങ്ങള്‍ കൊണ്ട് ഓസീസ് പല തവണ അര്‍ജന്റീനയുടെ ഗോള്‍ മുഖം വിറപ്പിച്ചു.

77ാം മിനിറ്റില്‍ പകരക്കാരന്‍ താരം ക്രെയ്ഗ് അലക്‌സാണ്ടര്‍ ഗുഡ്വിന്‍ ഓസ്‌ട്രേലിയയുടെ ആശ്വാസ ഗോള്‍ നേടി. പ്രഫഷനല്‍ കരിയറിലെ 1000ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോളാണ് ഓസീസിനെതിരെ നേടിയത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഈ ഗോളോടെ മെസി സ്വന്തമാക്കി. ഇതിഹാസ താരം മറഡോണയെയാണ് മെസി ഗോള്‍ വേട്ടയില്‍ മറികടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.