'അത് ശരീഅത്ത് നിയമത്തിനെതിര്'... സമസ്ത കണ്ണുരുട്ടി; സര്‍ക്കാര്‍ മുട്ടുമടക്കി: കുടുംബശ്രീ പ്രതിജ്ഞ ചവറ്റുകൊട്ടയിലെറിഞ്ഞു

'അത് ശരീഅത്ത് നിയമത്തിനെതിര്'... സമസ്ത കണ്ണുരുട്ടി; സര്‍ക്കാര്‍ മുട്ടുമടക്കി: കുടുംബശ്രീ പ്രതിജ്ഞ ചവറ്റുകൊട്ടയിലെറിഞ്ഞു

ശരീഅത്ത് നിയമമാണോ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം.

കോഴിക്കോട്: ക്രൈസ്തവ വിരുദ്ധ നിലപാട് യഥാവിധി തുടരുന്ന പിണറായി സര്‍ക്കാര്‍ മുസ്ലീം പ്രീണനത്തിനായി സമസ്ത ഉള്‍പ്പെടെയുള്ള ഇസ്ലാമിക സംഘടനകളുടെ ശരീഅത്ത് മുന്നറിയിപ്പിന് മുമ്പില്‍ മുട്ടുമടക്കി.

ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്ന ചില മുസ്ലീം സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉടനടി പിന്‍വലിച്ച് സര്‍ക്കാര്‍ അനുസരണ കാണിച്ചു.

പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അടിയന്തര നിര്‍ദേശം ലഭിച്ചു. പുതിയ പ്രതിജ്ഞ തയ്യാറാക്കി നല്‍കുമെന്നും അതിനു ശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാല്‍ മതിയെന്നുമാണ് നിര്‍ദേശം.

പ്രതിജ്ഞയില്‍ സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന ഭാഗം ശരീഅത്ത് വിരുദ്ധമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകള്‍ വാദിക്കുന്നത്. സമസ്തയ്ക്ക് പുറമേ കെ.എന്‍.എം മര്‍ക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകളും പ്രതിജ്ഞയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

ശരീഅത്ത് നിയമ പ്രകാരം പുരുഷന് ഇരട്ടി സ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനുമാണ് അവകാശം. ഇത് ഇന്ത്യയിലെ മുസ്ലീം വ്യക്തി നിയമം അനുവദിക്കുന്നതാണെന്നും പുതിയ പ്രതിജ്ഞ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണന്നും ആരോപിച്ചാണ് സംഘടനകള്‍ രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിഴിഞ്ഞമടക്കം പല നിര്‍ണായക വിഷയങ്ങളിലും ക്രൈസ്തവ സമുദായവുമായി അകല്‍ച്ചയിലായ പിണറായി സര്‍ക്കാര്‍ പുതിയ രാഷ്ട്രീയ തന്ത്രം മെനയുന്നതിന്റെ ഭാഗമാണ് ഇത്തരം മുസ്ലീം പ്രീണന നടപടികളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ശരീഅത്ത് നിയമമാണോ പിണറായി കേരളത്തില്‍ നടപ്പാക്കുന്നതെന്ന ചോദ്യങ്ങളുമായി സര്‍ക്കാര്‍ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.