എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

 എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

മൂന്നാര്‍: ഇടുക്കിയിലെ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കുളിലെ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീ.ഡയറക്ടര്‍ ഓഫ് പബ്‌ളിക് ഇന്‍സ്‌പെക്ടര്‍ സി.എ സന്തോഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളിലാണ് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ തട്ടിപ്പ് നടന്നത്. മൂന്നാര്‍ എ.ഇ.ഒ, ബി.ആര്‍.സി ഉദ്യോഗസ്ഥര്‍, പരീക്ഷ തട്ടിപ്പു നടന്ന സ്‌ക്കൂളുകളിലെ അധ്യാപകര്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. പരീക്ഷ നടന്ന തോട്ടം മേഖലയിലെ സ്‌കൂളുകളില്‍ വച്ചു തന്നെ ഉത്തരകടലാസില്‍ ക്രമക്കേട് നടന്നുവെന്ന് സംഘം കണ്ടെത്തിയതായാണ് സൂചന.

അന്വേഷണ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്ന് അന്വേഷണ സംഘത്തലവന്‍ സി.എ സന്തോഷ് പറഞ്ഞു.

സംഭവം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയിലാണ് മൂന്നാര്‍ ഉപജില്ലയില്‍ പെട്ട തോട്ടം മേഖലയിലെ സ്‌കൂളുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

അതികഠിനമായിരുന്ന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ 10.37 ശതമാനമായിരുന്നു വിജയ ശതമാനം. എന്നാല്‍ മൂന്നാര്‍ മേഖലയില്‍ 75 ശതമാനമായിരുന്നു വിജയം. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും കുട്ടികള്‍ എഴുതിയ ചോദ്യ പേപ്പറുകളിലെ തെറ്റായ ഉത്തരങ്ങള്‍ വെട്ടി തിരുത്തി ശരിയുത്തരങ്ങള്‍ എഴുതിയതായി കണ്ടെത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.