ജംഷഡ്പൂരിനെയും വീഴ്ത്തി; തുടര്‍ച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്സ്

ജംഷഡ്പൂരിനെയും വീഴ്ത്തി; തുടര്‍ച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്സ്

ജംഷഡ്പൂര്‍: ജംഷഡ്പൂര്‍ എഫ്സിയെ ഒരു ഗോളിന് കീഴടക്കി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. എട്ട് കളിയില്‍ അഞ്ചാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതെത്തി. സീസണിലെ തുടര്‍ച്ചയായ നാലാം ജയം നേടിയ ബ്ലാസ്റ്റേഴ്സിന് 15 പോയിന്റാണുള്ളത്. കളിയുടെ 17-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. മാര്‍ക്കോ ലെസ്‌കോവിച്ചാണ് കളിയിലെ താരം. 

ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ജംഷഡ്പൂരിനെതിരെ ഇറങ്ങിയത്. അഡ്രിയാന്‍ ലൂണയെയും ദിമിത്രിയോസിനെയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ടീമിനെ വിന്യസിച്ചു. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്‌നി, ജീക്‌സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍.  

തകര്‍പ്പന്‍ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന് ജംഷഡ്പുരിനെതിരെ. പതിനേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. അഡ്രിയാന്‍ ലൂണയുടെ മനോഹരമായ കിക്ക് ബോക്സിലേക്ക്. ജംഷഡ്പുര്‍ പ്രതിരോധത്തെ വെട്ടിച്ച് ദിമിത്രിയോസ് പന്ത് വലയിലെത്തിച്ചു. പിന്നാലെ ലൂണയുടെ മറ്റൊരു മുന്നേറ്റം. മധ്യനിരയില്‍നിന്നുള്ള ഓട്ടത്തിനൊടുവില്‍ ലൂണ സഹലിന് പന്തുനല്‍കി. സഹലിന്റെ തകര്‍പ്പന്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ് കൈയിലൊതുക്കി. ആദ്യപകുതി ഒരു ഗോള്‍ ലീഡില്‍ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. 

ഇടവേളയ്ക്കുശേഷം കളിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ സമനിലയ്ക്കായി ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിടിച്ചുനിന്നു. 76-ാം മിനിറ്റില്‍ ഡയമന്റാകോസിന് പകരം അപോസ്തലോസ് ജിയാന്നുവും നിഷുകുമാറിന് പകരം ജെസെല്‍ കര്‍ണെയ്റോയും കളത്തിലെത്തി. 85-ാം മിനിറ്റില്‍ സഹലിന് പകരം സൗരവ് മണ്ഡലുമെത്തി. ലൂണയ്ക്ക് പകരം വിക്ടര്‍ മോന്‍ഗിലിനെയും ഇറക്കി പ്രതിരോധം വുകോമനോവിച്ച് ശക്തിപ്പെടുത്തി. ജംഷഡ്പൂരിന് പ്രതിരോധം ഭേദിക്കാനായില്ല. അഞ്ചാം ജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഈ മാസം 11ന് ബെംഗളൂരു എഫ്സിയാണ് അടുത്ത എതിരാളികള്‍. കൊച്ചിയിലാണ് കളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.