മികവുറ്റ ഫിനിഷിംഗ് വൈദഗ്ധ്യമുളള റോബർട്ട് ലെവന്‍റോസ്കിയെന്ന സ്ട്രൈക്കറെ മാത്രം ആശ്രയിച്ചു കളിച്ച പോളണ്ടും സമകാലീക ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോളർമാരില്‍ ഒരാളായ സാദിനോ മാനെ ഇല്ലാതെ കളിച്ച സെനഗലും വീരോചിതമായ പോരാട്ടത്തിന്‍റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറില്‍ തോറ്റു പുറത്തായി. ജെറൂദിന്‍റെ പരിചയ സമ്പത്തും എംബപ്പെയുടെ യുവത്വവും സമന്വയിച്ചപ്പോള്‍ ഫ്രാന്‍സ് സമ്മാനിച്ചത് ആക്രമണ ഫുട്ബോളിന്‍റെ ആവേശകരമായ നിമിഷങ്ങള്‍. ഈ മത്സരത്തില്‍ നേടിയ ഗോളോടെ ഫ്രാന്‍സിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി ജെറൂദ് സ്വന്തമാക്കി. 52 ഗോളുകള്‍. മറികടന്നത് തിയറി ഓണ്‍ട്രിയെ. എംബപ്പെ നേടിയ രണ്ട് ഗോളുകളും അദ്ദേഹത്തിന്‍റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവിന്‍റെ ഉദാഹരണങ്ങളാണ്. വേഗം കൊണ്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന എംബപ്പെ ഗോള്‍ മുഖത്തേക്ക് തൊടുക്കുന്ന ഷോട്ടിലും കൃത്യതയിലും മികച്ചുനിന്നു.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഫ്രഞ്ച് ഗോള്‍ മുഖത്തെ വിറപ്പിച്ച് പോളണ്ട് തൊടുത്ത തുടർച്ചയായ മൂന്ന് ഷോട്ടുകള്‍ നിർവീര്യമാക്കാന്‍ ഗോള്‍ കീപ്പർക്കും ഡിഫന്‍റർമാർക്കും കഴിഞ്ഞത് അവരുടെ പ്രതിരോധ മികവിന്‍റെ കൂടി സാക്ഷ്യമാകുന്നു. ഫ്രാന്‍സ്, ടീംവർക്കിലൂടെയാണ് നീക്കങ്ങള്‍ ആസൂത്രണം ചെയ്തതെങ്കില്‍ റോബർട്ട് ലെവന്‍റോസ്കിയെന്ന ഏക സ്ട്രൈക്കറെ കേന്ദ്രീകരിച്ചായിരുന്നു പോളണ്ടിന്‍റെ ആക്രമണങ്ങളത്രയും. അതുകൊണ്ടുതന്നെ ലെവന്‍റോസ്കിയെ കൃത്യമായി മാർക്ക് ചെയ്തതിലൂടെ പോളണ്ടിന്‍റെ പ്രതിരോധ നീക്കങ്ങളെ മുളയിലെ നുളളാന്‍ ഫ്രാന്‍സിനു സാധിച്ചു.അർജന്‍റീനയ്ക്കെതിരെ നടത്തിയ പ്രതിരോധാത്മക ഫുട്ബോളില്‍ നിന്ന് ആക്രമണ ഫുട്ബോളിലേക്ക് മാറാന്‍ പോളണ്ടിന് കഴിഞ്ഞുവെങ്കിലും ഗോള്‍ നേടാനുളള കെല്‍പ് മറ്റാർക്കും ഉണ്ടായിരുന്നില്ല. ലെവന്‍റോസ്കിയ്ക്കും പോളണ്ടിനും സമാശ്വാസ സമ്മാനമായി ലഭിച്ചത് അവസാന നിമിഷത്തിലെ ഒരു നാടകീയ പെനാല്‍റ്റി ഗോള്‍മാത്രം. മത്സര ശേഷം എംബപ്പെയും ലെവന്‍റോസ്കിയും പരസ്പരം ആശ്ലേഷിച്ച് സൗഹൃദം പങ്കുവച്ചത് ഫുട്ബോളിന്‍റെ സാഹോദര്യത്തിന്‍റെ ഊഷ്മളമായ പ്രകടനമായി. എംബപ്പെയുടെ കാതില്‍ ലെവന്‍റോസ്കി പറഞ്ഞത് എന്തെന്ന് ആരാധകർക്ക് ഇനി അന്വേഷിക്കാം.
ഇംഗ്ലണ്ട് -സെനഗല്‍ മത്സരത്തിലെ 23, 31 മിനിറ്റുകളില്‍ സെനഗല്‍ സൃഷ്ടിച്ചെടുത്ത ഉറച്ച ഗോള്‍ അവസരങ്ങള്‍ ഫലവത്താകാതെ പോയതുമാത്രം മതി സാദിയോ മാനേയെന്ന താരത്തെ സെനഗല്‍ എത്രത്തോളം മിസ് ചെയ്തുവെന്ന് മനസിലാക്കാന്‍. ആക്രമണം ഏകോപിപ്പിക്കാന്‍ സാധിക്കാതെ വരികയും എതിർ ഗോള്‍ മുഖത്തുനിന്ന് പിടിച്ചെടുത്ത പന്തുമായി ഇംഗ്ലണ്ട് സെനഗല്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞെത്തുകയും ചെയ്തപ്പോള്‍ സെനഗലിന്‍റെ പ്രതിരോധം ദുർബലമായി. സെനഗലിന്‍റെ കരുത്തുറ്റ ഫുട്ബോളിനെ നിമിഷങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയ പ്രത്യാക്രമണങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയുമാണ് ഇംഗ്ലണ്ട് മറികടന്നത്. ഇംഗ്ലണ്ടിന്‍റെ മൂന്ന് ഗോളുകള്‍ പിറന്നത് ഇത്തരം അതിവേഗ നീക്കങ്ങളിലൂടെയാണ്. ഭാഗ്യം ചാമ്പ്യന്‍മാർക്കൊപ്പമെന്ന ചൊല്ല് കാല്‍പ്പന്തുകളിയില്‍ ഉയർന്ന് കേള്‍ക്കാറുണ്ട്. ഇവിടെ ഭാഗ്യത്തിന്‍റെ കൂട്ട് ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
ഇംഗ്ലണ്ട് നിരയില്‍ മാർക്കസ് റഷ്ഫോഡിന് പകരം ആദ്യ ഇലവനില്‍ സ്ഥാനം നേടിയ ജൂഡ് ബെല്ലിംഗാമിന്‍റെ കഠിനാധ്വാനത്തെക്കുറിച്ച് എടുത്തുപറയേണ്ടതുണ്ട്. ഹാരികെയ്ന്‍ ഉള്‍പ്പടെയുളളവർക്ക് യഥാസമയം പന്ത് എത്തിക്കാന്‍ ഈ യുവതാരം നടത്തിയ മിടുക്ക് മികച്ചതായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിന്‍റെ ഇനിയുളള മത്സരങ്ങളില്‍ ഈ യുവ താരത്തിന്‍റെ സാന്നിദ്ധ്യം നിർണായകമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.