വിഴിഞ്ഞം അക്രമം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; ആവശ്യം എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

വിഴിഞ്ഞം അക്രമം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; ആവശ്യം എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

എന്‍ഐഎ ആക്ട് എന്താണെന്ന് അറിയുമോ എന്ന് ഹര്‍ജിക്കാരനോട് ഹൈക്കോടതി.

കൊച്ചി: വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളി. പൊലീസ് കേസെടുത്ത് ദിവസങ്ങള്‍ക്കകം എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു.

വിഴിഞ്ഞത്തെ അക്രമ സംഭവങ്ങള്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ മതിയാവില്ല എന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച ഗോപകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറേണ്ട ആവശ്യമില്ല. എന്‍ഐഎ ആക്ട് എന്താണെന്ന് അറിയുമോ എന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.

പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന ആവശ്യവും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, പതിനായിരം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്താല്‍ പതിനായിരം പേരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞു.

അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കേസില്‍ പ്രതികളാകുക. എല്ലാവരെയും പ്രതി ചേര്‍ക്കുന്നത് എങ്ങനെ എന്ന ചോദ്യവും കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായി. പൊലീസിന്റെ കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകട്ടെ എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.