കൊച്ചി: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് കേരള കത്തോലിക്കാ സഭയുടെ അജപാലനസമിതിയായ കേരള കാത്തലിക് കൗണ്‍സില്‍ (കെസിസി) ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയമായതും സത്യസന്ധവും സുതാര്യമായ വിധം സമരസമിതി നിര്‍ദ്ദേശിക്കുന്ന വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തി പഠനം നടത്തുക, ഈ പഠനം പൂര്‍ത്തിയാക്കുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുക എന്നത് ഉള്‍പ്പടെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കഴിഞ്ഞ 136 ലേറെ ദിവസങ്ങളായി സമരം ചെയ്യുന്നത്.
ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ഉത്തരവാദിത്വപ്പെട്ടവര്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് ഖേദകരമാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ രാജ്യദ്രോഹികള്‍ ആണെന്ന അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ടും സമരത്തെ പരാജയപ്പെടുത്താന്‍ വിവിധ ഘട്ടങ്ങളില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിരന്തരം സത്യവിരുദ്ധവും വസ്തുതാ വിരുദ്ധവുമായ പ്രചരണങ്ങള്‍ നടത്തുകയാണ്.
പ്രളയകാലത്ത് ജനങ്ങളുടെ രക്ഷയ്ക്കെത്തിയ മത്സ്യത്തൊഴിലാളികളുടെ വീടും ജീവനോപാധികളും നഷ്ടമാകുന്ന അവസ്ഥക്ക് അടിയന്തിര പരിഹരം ഉണ്ടാകണം. കേരളത്തിന്റെ വികസനത്തിന് വേണ്ടി ത്യാഗപൂര്‍വം ദേവാലയങ്ങളും സെമിത്തേരികളും വൈദിക മന്ദിരങ്ങളും അനേകം കുടുംബങ്ങളുടെ കിടപ്പാടങ്ങളും വിട്ടുകൊടുത്ത ഒരു സമുദായത്തെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
തിരുവനന്തപുരം അതിരുപതയുടെ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോയെയും സഹായ മെത്രാന് ഡോ. ക്രിസ്തുദാസിനെയും അനവധി വൈദികരെയും തീരദേശവാസികളെയും പ്രതികളാക്കി 150 ലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുടെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ നീതി സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസേനയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ കൗണ്‍സില്‍ ആശങ്കരേഖപ്പെടുത്തി.
മത്സ്യ തൊഴിലാളികളുടെ മാനുഷികവും ന്യായവുമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവരുടെ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം സംജാതമാക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. കെസിസി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഡോ. സി.ടി. മാത്യു, ജെസി ജെയിംസ്, ജോസഫ് ജൂഡ് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.