ദൈവത്തിന്റെ സ്വരം അനുസരിക്കുന്നു; അയാളോട് ഞാൻ ക്ഷമിക്കുന്നു; ടെക്‌സസിൽ ഫെഡക്സ് ഡ്രൈവർ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഏഴുവയസുകാരിയുടെ മുത്തച്ഛൻ

ദൈവത്തിന്റെ സ്വരം അനുസരിക്കുന്നു; അയാളോട് ഞാൻ ക്ഷമിക്കുന്നു; ടെക്‌സസിൽ ഫെഡക്സ് ഡ്രൈവർ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഏഴുവയസുകാരിയുടെ മുത്തച്ഛൻ

ഓസ്റ്റിൻ: ടെക്‌സസിൽ വൈസ് കൗണ്ടിയിലെ വീട്ടില്‍ നിന്ന് തന്റെ ഏഴുവയസുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഫെഡക്സ് ഡ്രൈവറോട് താൻ ക്ഷമിക്കുന്നുവെന്ന് അഥീന സ്ട്രാൻഡിന്റെ മുത്തച്ഛൻ. പ്രതി ടാനര്‍ ഹോണറിനോട് തോന്നിയ ദേഷ്യത്തെ മറികടക്കാൻ താൻ വളരെയധികം ബുദ്ധിമുട്ടി. എന്നാൽ ഒരു സ്വരം അയാളോട് ക്ഷമിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും അഥീനയുടെ മുത്തച്ഛനായ മാർക്ക് സ്ട്രാൻഡ് പറഞ്ഞു.

വൈസ് കൗണ്ടിയിലെ വീട്ടില്‍ നിന്ന് കാണാതായ അഥീന സ്ട്രാന്‍ഡിന്റെ മൃതദേഹം ഇവിടെ നിന്ന് 10 മൈല്‍ അകലെ നിന്നാണ് ലഭിച്ചതെന്ന് വൈസ് കൗണ്ടി ഷെരീഫ് ലെയ്ന്‍ അകിന്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് 31 കാരന്‍ ടാനര്‍ ഹോണറിനെ കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള വകുപ്പുകളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെഡക്സിൽ കരാര്‍ ഡ്രൈവറാണ് ഇയാള്‍.


അഥീനയുടെ മുത്തച്ഛൻ മാർക്ക് സ്ട്രാൻഡ്, ടാനര്‍ ഹോണര്‍

ബുധനാഴ്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പാഴ്‌സല്‍ ഡെലിവര്‍ ചെയ്യാനെത്തിയ ലേക്ക് വര്‍ത്ത് സ്വദേശിയായ ഹോണര്‍ അഥീനയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിക്കായി വന്‍ സന്നാഹങ്ങളോടെയുള്ള തെരച്ചിലാണ് മൂന്നു ദിവസം നടന്നത്.

ഒടുവിൽ അറസ്റ്റിലായ ഹോണര്‍ തന്നെയാണ് പൊലീസിനെ മൃതദേഹം കിടന്നിടത്തേക്ക് എത്തിച്ചത്. തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളിൽ അവൾ കൊല്ലപ്പെട്ടിരിക്കുമെന്ന് പോലീസ് പറഞ്ഞു. നിലവിൽ കേസിൽ ഹോർണർ മാത്രമാണ് ഏക പ്രതി. എന്നാൽ ഇയാൾക്ക് കുടുംബവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറയുന്നു.


അഥീന സ്‌ട്രാൻഡിനെ ആദരിക്കുന്നതിനായി  1,000 ലധികം പേരുടെ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം.

ഹോർണറോട് ക്ഷമിക്കാനുള്ള തീരുമാനത്തെ തുടർന്ന് തന്റെ മനസ്സിൽ നടക്കുന്ന ആന്തരിക പ്രക്ഷുബ്ധതയെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായാണ് സ്ട്രാൻഡ് ചിത്രീകരിച്ചത്.

"ആ മനുഷ്യനോട് എനിക്ക് ദേഷ്യമാണ്. ഞങ്ങളുടെ അഥീനയെ ഞങ്ങളിൽ നിന്ന് അകറ്റിയ സൈക്കോയ്‌ക്കൊപ്പം ഒരു സെല്ലിൽ എനിക്ക് അഞ്ച് മിനിറ്റ് തനിച്ചാണ് വേണ്ടത്. പക്ഷേ എന്റെ ഉള്ളിൽ നിന്നും ഞാൻ അവനോട് ക്ഷമിക്കണം എന്ന് പറയുന്ന മൃദുവും സൗമ്യവുമായ ഒരു ശബ്ദം കേൾക്കുന്നുണ്ട്" എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

"എന്റെ ഉള്ളിലെ വെറുപ്പിനെ വളരാൻ ഞാൻ അനുവദിച്ചാൽ ആ ശബ്ദം മങ്ങുകയും ഒടുവിൽ നിശബ്ദമാകുകയും ചെയ്യും. അപ്പോൾ വെറുപ്പിന്റെ ആ വൃത്തികെട്ട ആത്മാവ് വിജയിക്കും" സ്ട്രാൻഡ് തുടർന്നു.

''ഇത് ചെയ്യാൻ അല്ലെങ്കിൽ ഇത് പറയാൻ എന്റെ ഉള്ളിലെ ഒരു കണിക പോലും ആഗ്രഹിക്കുന്നില്ല. പക്ഷേ എന്റെ ആത്മാവ് ദൈവത്തിന്റെ ശബ്ദം കേട്ടു. ഇപ്പോൾ എന്റെ കണ്ണുകളിൽ കണ്ണുനീർ ഒഴുകുമ്പോൾ, ഞാൻ ഈ മനുഷ്യനോട് ക്ഷമിക്കുന്നുവെന്ന് ഞാൻ പരസ്യമായി പ്രഖ്യാപിക്കുന്നു'' എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.


ടാനര്‍ ഹോണർ

"വെറുപ്പ് ജയിക്കില്ല. ഈ മനുഷ്യന് വേണ്ടിയല്ല ഞാൻ ഇത് ചെയ്യുന്നതെന്ന് എന്റെ വീട്ടുകാർ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഇത് ചെയ്യുന്നത് എന്റെ കുടുംബത്തിനും എനിക്കും വേണ്ടിയും ഇത് പറയാൻ എനിക്ക് ശക്തി നൽകുന്ന ദൈവത്തിന്റെ ശബ്ദത്തെ മാനിക്കുന്നതിനും വേണ്ടിയാണ്. വിദ്വേഷം എന്തെന്നറിയാത്ത ഞങ്ങളുടെ അഥീനയെ ബഹുമാനിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം 4.30 ന് കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിൽ എത്തി. എന്നാൽ രണ്ടാനമ്മയുമായി ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പെൺകുട്ടി വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. ഇതേ സമയം ഹോർണർ ഈ വീട്ടിലേക്ക് ഒരു ഫെഡക്സ് പാക്കേജ് എത്തിച്ചു.


നേരം ഏറെ കഴിഞ്ഞിട്ടും അഥീന അകത്തേക്ക് വന്നില്ല. പിന്നീട് കിടപ്പ് മുറിയിലും കാണാതായതോടെ വൈകുന്നേരം 6.40 ന് അവളെ കാണാനില്ലെന്ന് രണ്ടാനമ്മ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഡ്രൈവ്വേയിൽ നിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് കരുതുന്നത്.

അഥീനയുടെ തിരോധാനവും ഹോർണറുടെ ഡെലിവറി റൂട്ടും തമ്മിലുള്ള ബന്ധം കണ്ടെത്തിയ അധികാരികൾ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഥീനയുടെ അമ്മ മൈറ്റ്‌ലിൻ ഗാൻഡി ഹോർണറിനെ വിശേഷിപ്പിച്ചത് 'മനോരോഗിയായ, ക്രൂരനായ രാക്ഷസൻ' എന്നാണ്. അഥീന ടെക്‌സാസിൽ അച്ഛനോടും രണ്ടാനമ്മയോടും ഒപ്പം സമയം ചിലവഴിച്ച ശേഷം ക്രിസ്തുമസിന് ഒക്‌ലഹോമയിലേക്ക് അമ്മയോടൊപ്പം മടങ്ങാനിരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.