ജിസിസി താമസക്കാർക്കും പൗരന്മാ‍ർക്കും ഹയാകാ‍ർഡില്ലാതെ ഇന്ന് മുതല്‍ ഖത്തറിലേക്ക് പറക്കാം

ജിസിസി താമസക്കാർക്കും പൗരന്മാ‍ർക്കും  ഹയാകാ‍ർഡില്ലാതെ ഇന്ന് മുതല്‍ ഖത്തറിലേക്ക് പറക്കാം

ദോഹ: ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് നടപ്പിലാക്കിയ യാത്രാ മാനദണ്ഡങ്ങളില്‍ ഖത്തർ ഇളവ് വരുത്തുന്നു. ഇന്ന് മുതല്‍ ജിസിസി താമസക്കാർക്കും പൗരന്മാ‍ർക്കും ഹയാകാ‍ർഡില്ലാതെ ഖത്തറിലേക്ക് യാത്ര ചെയ്യാം. യോഗ്യരായ എല്ലാവർക്കും ഡിസംബർ 6 മുതൽ പതിവ് പ്രവേശന നടപടികൾ പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിച്ച് രാജ്യത്ത് എത്തുന്നവർക്ക് ഹയാകാർഡ് നിർബന്ധമാണ്.

വിമാനത്താവളങ്ങള്‍ വഴി പ്രവേശിക്കുന്നവർക്ക്

ഹയ കാർഡ് ഇല്ലാതെ യാത്രക്കാർക്ക് വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനാകും. മത്സര ടിക്കറ്റ് ഇല്ലാത്തവർ ഹയ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഇന്ന് മുതല്‍ വിനോദസഞ്ചാരികൾക്ക് നേരത്തെയുണ്ടായിരുന്ന യാത്ര മാർഗനിർദ്ദേശങ്ങള്‍ അനുസരിച്ച് പരിധിയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനാകും.

ബസില്‍ പ്രവേശിക്കുന്നവർക്ക്

ബസിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ബസുകൾക്ക് സൗജന്യ പാർക്കിംഗ് സ്ഥലവും അനുവദിക്കും.

സ്വകാര്യവാഹനങ്ങള്‍ വഴിയെത്തുന്നവർ

ഡിസംബർ 12 മുതൽ, സ്വന്തം വാഹനം ഉപയോഗിച്ച് വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയും. എന്നാല്‍ പ്രവേശന തീയതിക്ക് 12 മണിക്കൂർ മുമ്പെങ്കിലും അവർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനിൽ ഫീസ് ഈടാക്കില്ല.

ജിസിസി രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകർക്ക് വരാനും ലോകകപ്പ് ഫുട്ബോളിന്‍റെ ഭാഗമാകാനും അനുവദിക്കുന്നതിന്‍റെ ഭാഗമായാണ് ഇളവുകള്‍ നല്‍കുന്നതെന്ന് അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.