സ്പാനിഷ് ദുരന്തം; സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ തകർത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍

സ്പാനിഷ് ദുരന്തം; സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ തകർത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍

ദോഹ: ഷൂട്ടൗട്ടുവരെ നീണ്ട പോരാട്ടം. ലോകകപ്പ് നേടുമെന്ന് എല്ലാവരും പ്രതീക്ഷ സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ നിലം പരിശാക്കി മൊറോക്കോ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0 നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം.

സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. കാര്‍ലോസ് സോളറിന്റെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും കിക്കുകളാണ് ബോനു തടുത്തിട്ടത്. പാബ്ലോ സരാബിയ എടുത്ത കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി.

മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018 ലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങിയിരുന്നു.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഗോളടിക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്‌പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്‌പെയിനിന് പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല.

പന്തടക്കത്തിലും പാസിങ്ങിലും പതിവ് ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് ടീമിനെതിരേ പക്ഷേ ആദ്യ പകുതിയില്‍ ഏതാനും മികച്ച ആക്രമണങ്ങള്‍ പുറത്തെടുക്കാന്‍ മൊറോക്കോയ്ക്കായി. ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോ സ്വീകരിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ ഇരു ടീമും തുടക്കത്തില്‍ ലഭിച്ച സ്‌പേസ് മുതലെടുത്ത് മികച്ച ആക്രമണങ്ങള്‍ നടത്തി. നിശ്ചിതസമയത്തിന്റെ അവസാന മിനിറ്റുകളില്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതും സ്പാനിഷ് ടീമിന് തിരിച്ചടിയായി.

അധികസമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ പാബ്ലോ സരാബിയയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് സ്‌പെയിനിന് തിരിച്ചടിയായി. പോര്‍ച്ചുഗല്‍ - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവിജയികളെയാകും മൊറോക്കോ ക്വാര്‍ട്ടറില്‍ നേരിടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.