തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വായ്പ തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങൾക്ക് ശുപാർശ. 10 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകണമെങ്കിൽ വായ്പത്തുക വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ റിപ്പോർട്ടുകൂടി നൽകണമെന്നതാണ് പുതിയ ശുപാർശ. കരുവന്നൂർ സഹകരണബാങ്കിലുണ്ടായ തട്ടിപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്.
നിർമാണങ്ങൾക്കാണെങ്കിൽ കെട്ടിടത്തിന്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ നൽകണം. ഈ അപേക്ഷകൾ പ്രൊഫഷണൽ ഡയറക്ടർമാർ, ബാങ്ക് സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിക്കണം. തുടർന്ന് വായ്പ ശുപാർശ ചെയ്യണം. ഇക്കാര്യം വ്യക്തമാക്കി സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കണം.
നിർമാണ വായ്പകളിൽ പ്ലാൻപ്രകാരം ഒരോഘട്ടവും പൂർത്തിയാകുന്ന മുറയ്ക്ക് വായ്‌പത്തുക തവണകളായി അനുവദിക്കാമെന്ന നിർദേശം സർക്കുലറിൽ ഉൾപ്പെടുത്തണം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന്റെ കാരണം മറ്റു സംഘങ്ങളിലും ആവർത്തിക്കാനിടയുള്ളതാണെന്നും സമിതി മുന്നറിയിപ്പു നൽകി. ഇതുതടയാൻ എട്ടുനിർദേശങ്ങൾ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സഹകരണസംഘം അഡീഷൽ രജിസ്ട്രാർ ഉൾപ്പെടുന്നതാണ് സമിതി.
ജീവനക്കാരെ ഓരേ ചുമതലകളിൽ രണ്ടുവർഷത്തിലധികം ഇരുത്തരുതെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. എല്ലാ വായ്പാ സഹകരണസംഘങ്ങളിലും പ്രൊഫഷണൽ ഡയറക്ടർമാരെ ഉൾപെടുത്തണം, ഈട് മൂല്യനിർണയത്തിന് പ്രത്യേകസംവിധാനം ഉണ്ടാക്കണം.
പത്തുലക്ഷത്തിൽ കൂടുതൽ വായ്പ നൽകുമ്പോൾ ഈട് വസ്തുക്കളുടെ മൂല്യനിർണയം നടത്തുന്നതിന് വാണിജ്യ ബാങ്കുകളുടെ മാതൃക സ്വീകരിക്കണം. മുൻപരിചയവും യോഗ്യതയുമുള്ള വാല്യൂവർമാരുടെ പാനൽ സഹകരണസംഘം രജിസ്ട്രാർ തയ്യാറാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.