പാഠം പഠിക്കാത്ത സ്പെയിന്‍ പുറത്ത്, പുതിയ പാഠം പഠിപ്പിച്ച് മൊറോക്കോ ക്വാർട്ടറില്‍, സ്വിസ് ഗാർഡുകള്‍ക്ക് മേല്‍ പോർച്ചുഗല്‍ ആധിപത്യം പൂർണം; പോർച്ചുഗല്‍- മൊറോക്കോ ക്വാർട്ടർ

പാഠം പഠിക്കാത്ത സ്പെയിന്‍ പുറത്ത്, പുതിയ പാഠം പഠിപ്പിച്ച് മൊറോക്കോ ക്വാർട്ടറില്‍,  സ്വിസ് ഗാർഡുകള്‍ക്ക് മേല്‍ പോർച്ചുഗല്‍ ആധിപത്യം പൂർണം; പോർച്ചുഗല്‍- മൊറോക്കോ ക്വാർട്ടർ

ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാത്ത സ്പെയിന്‍ മൊറോക്കോയോട് പരാജയപ്പെട്ട് പ്രീക്വാർട്ടറില്‍ പുറത്തായി. പരാജയത്തെ വിജയമാക്കി പരിവർത്തനം ചെയ്യിക്കണമെങ്കില്‍ താരങ്ങളെ മാറ്റിയാല്‍ മാത്രം പോരാ കളിതന്ത്രങ്ങളിലും ആസൂത്രണത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന വിലപ്പെട്ട അനുഭവ പാഠമാണ് സ്പെയിനിന്‍റെ പരാജയം മുന്നോട്ടുവയ്ക്കുന്നത്. ഇരു ടീമുകളും നേർക്കുനേർ പോരാടിയപ്പോള്‍ രണ്ട് പ്രാവശ്യം സ്പെയിനും ഒരു പ്രാവശ്യം മൊറോക്കോയും വിജയിച്ചു. നാല് മത്സരങ്ങള്‍ സമനിലയിലാണ് കലാശിച്ചത്. മൊറോക്കോയ്ക്ക് മേല്‍ സ്പെയിനിന് സമ്പൂർണ ആധിപത്യമില്ല എന്നർത്ഥം. പെനാല്‍റ്റി ഷൂട്ടൗട്ടിനെ നേരിടുന്നതില്‍ സ്വതവേ ദൗർബല്യങ്ങളുളള സ്പെയിന്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീളാതെ നോക്കേണ്ടതായിരുന്നു. വിവിധ ലോകകപ്പുകളില്‍ 5 പെനാല്‍റ്റി ഷൂട്ടൗട്ടുകളെ നേരിട്ട സ്പെയിന്‍ നാലെണ്ണത്തിലും പരാജയപ്പെട്ട് പുറത്തായി. പെനാല്‍റ്റിയുടെ കടുത്ത സമ്മർദ്ദം അതിജീവിക്കാന്‍ സ്പാനിഷ് പടയ്ക്ക് സാധിച്ചില്ല. അലക്ഷ്യവും ദുർബലവുമായിരുന്നു സ്പാനിഷ് താരങ്ങളുടെ കിക്കുകള്‍. ഒരു കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ മുന്‍ ചാമ്പ്യന്‍മാർക്ക് സാധിച്ചില്ല എന്നത് അവരുടെ പരാജയത്തിന്‍റെ ആഴം വർദ്ധിപ്പിക്കുന്നു. ക്യാപ്റ്റന്‍ സെർജിയോ ബുസ്കെറ്റ്സിന്‍റെ പോലും ശരീരഭാഷ പരാജിതന്‍റേതായിരുന്നു. ലക്ഷ്യം ഭേദിക്കാനുളള ശക്തി കാലുകളില്‍ ആവാഹിക്കാന്‍ എന്തുകൊണ്ട് സ്പാനിഷ് താരങ്ങള്‍ക്ക് സാധിച്ചില്ല എന്നുളളത് ടീം മാനേജ്മെന്‍റ് പരിശോധിക്കേണ്ട വിഷയമാണ്. രണ്ട് ടീമുകളും 4-3-3 എന്ന ഫോർമാറ്റിലാണ് കളിച്ചത്. എന്നാല്‍ പാസുകളുടെ എണ്ണത്തിലും പന്ത് കൈവശം വയ്ക്കുന്ന കാര്യത്തിലും സ്പാനിഷ് ആധിപത്യം സമ്പൂർണമായിരുന്നു. 1041 പാസുകളാണ് സ്പെയിന്‍ നടത്തിയതെങ്കില്‍ 323 പാസുകള്‍ നടത്താന്‍ മാത്രമേ മൊറോക്കോയ്ക്ക് സാധിച്ചുളളൂ. സ്പെയിന്‍ പന്ത് കൈവശം വച്ചത് 68 ശതമാനം സമയം, എതിർ ടീമിന്‍റേത് 22 ശതമാനം മാത്രം. ഇതെല്ലാം കേവലം സ്ഥിതിവിവരക്കണക്കുകള്‍ മാത്രമാണ്. കളിയില്‍ പ്രധാന്യം വിജയത്തിന് തന്നെയാണ്. അതിന് വേണ്ടത് പാസുകള്‍ക്ക് പൂർണത നല്‍കാനുളള ഒരു ഫിനിഷറുടെ സാന്നിദ്ധ്യമാണ്. ആ കുറവ് ഇരു ടീമുകള്‍ക്കും ഉണ്ടായിരുന്നു. ധാരാളം മികച്ച ഗോള്‍ അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചു. മൊറോക്കോയുടെ കേളീ ശൈലിയില്‍ കണ്ട ഒരു പ്രത്യേകത സ്പെയിന്‍ എന്ന ടീമിലെ താരങ്ങളുടെ പരിചയ സമ്പത്തോ മികവോ പ്രശസ്തിയോ അവരെ അലട്ടിയില്ല എന്നതാണ്. ഈ കൂസലില്ലായ്മയാണ് മൊറോക്കോയുടെ മുഖമുദ്ര. ക്വാർട്ടറില്‍ പോർച്ചുഗല്‍ ഭയക്കേണ്ടതും ഈ ചങ്കൂറ്റത്തെത്തന്നെയാണ്.

സ്വിറ്റ്സർലന്‍റിനെതിരെയുളള പോർച്ചുഗലിന്‍റെ അത്യുജ്ജ്വലവും ആധികാരികവുമായ വിജയത്തിന്‍റെ ക്രെഡിറ്റ് കളിക്കാരേക്കാള്‍ അർഹിക്കുന്ന ഒരാളുണ്ട്. പോർച്ചുഗല്‍ പരിശീലകന്‍ ഫെർണാണ്ടോ സാന്‍റോസ് എന്ന 68 കാരന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന സൂപ്പർ താരത്തെ മാറ്റി ഗോണ്‍സാലോ റാമോസ് എന്ന 21 കാരന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയ സാന്‍റോസിന്‍റെ ധൈര്യത്തിനും ബോധ്യത്തിനും ബിഗ് സല്യൂട്ട്. ഈ മത്സരത്തില്‍ പോർച്ചുഗല്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ സാന്‍റോസിന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്ന് ഊഹിച്ചുനോക്കുക. ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തില്‍ ഇതുവരെ ഗോള്‍ സ്കോർചെയ്യാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല. റാമോസ് ആകട്ടെ 17 മിനിറ്റിനകം ആദ്യ ഗോള്‍ നേടി, പിന്നീട് രണ്ട് ഗോളുകള്‍ കൂടി സ്കോർ ചെയ്ത് ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഹാട്രിക് സ്വന്തമാക്കുകയും ചെയ്തു. ഈ കോളത്തില്‍ മുന്‍പ് നിരീക്ഷിച്ചതുപോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാത്രം കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ മെനയുന്ന രീതിയ്ക്ക് അവസാനമായി എന്ന വിലയിരുത്തല്‍ ഈ മത്സരത്തോടെ കൂടുതല്‍ അന്വർത്ഥമായി. ജോവോ ഫെലിക്സ് ഉള്‍പ്പടെയുളളവരുടെ പട്ടികയിലേക്ക് റാമോസ് കൂടി ചേർന്നു.

പോർച്ചുഗല്‍ എന്നാല്‍ ക്രിസ്റ്റ്യാനോയെന്ന സമവാക്യം അപ്രസക്തമായ മത്സരം എന്ന നിലയ്ക്ക് ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്. മത്സരത്തിലെ കീ പ്ലെയർ എന്ന സ്ഥാനത്ത് നിന്ന് പരിശീലകന്‍റെ പദ്ധതി മൈതാനത്ത് പ്രാവർത്തികമാക്കുന്ന കളിക്കാരില്‍ ഒരാള്‍ എന്ന നിലയിലേക്ക് ക്രിസ്റ്റ്യാനോ മാറുകയാണ്. ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാധ്യതകളെയോ സാന്നിദ്ധ്യത്തെയോ ഇല്ലാതാക്കുകയല്ല, മറിച്ച് ടീമിന്‍റെ വിജയത്തിന് വേണ്ടി അദ്ദേഹത്തിന്‍റെ റോള്‍ പുനർ നിർവ്വചിക്കപ്പെടുകയാണ്. അതുകൊണ്ട് ക്വാർട്ടറില്‍ മൊറോക്കോ നേരിടേണ്ടി വരുന്നത് ഏകാംഗ സൈന്യത്തെയല്ല, മറിച്ച് സമസ്ത കോണുകളില്‍ നിന്നും സ്കോർ ചെയ്യാന്‍ ശേഷിയുളള താരങ്ങളുടെ സംയുക്ത ആക്രമണങ്ങളെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.