മുല്ലൂരിലെ സമര പന്തല്‍ പൊളിച്ചു നീക്കി; വിഴിഞ്ഞം തുറമുഖ നിര്‍മാണം വ്യാഴാഴ്ച്ച തുടങ്ങും

മുല്ലൂരിലെ സമര പന്തല്‍ പൊളിച്ചു നീക്കി; വിഴിഞ്ഞം തുറമുഖ നിര്‍മാണം വ്യാഴാഴ്ച്ച തുടങ്ങും

തിരുവനന്തപുരം: സമരം അവസാനിപ്പിച്ചതിനു പിന്നാലെ വിഴിഞ്ഞം മുല്ലൂര്‍ തുറമുഖ കവാടത്തിലെ സമര പന്തല്‍ പൊളിച്ചു നീക്കി. 113 ദിവസമാണ് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തത്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പകല്‍ തന്നെ പന്തല്‍ പൊളിച്ചു നീക്കുകയായിരുന്നു. പൊലീസ് ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്.

നാളെ തുറമുഖം നിര്‍മാണം വീണ്ടും തുടങ്ങും. നിര്‍മാണസാമഗ്രികളും നാളെ മുതല്‍ ഇവിടേക്ക് എത്തിച്ചു തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇരട്ടി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

നിര്‍മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കൊല്ലത്തും തിരുവനന്തപുരത്തിന്റെ തീരത്തുമായുള്ള ബാര്‍ജുകള്‍ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിര്‍മാണത്തിനായി സാധാരണ പ്രതിദിനം 15000 ടണ്‍ കല്ലിടുന്നിടതിന് പകരം 30,000 ടണ്‍ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും എന്നാണ് വിവരം.

അദാനി ഗ്രൂപ്പിന്റെ തുറമുഖ നിര്‍മാണത്തിനുള്ള സമയപരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. ഒപ്പം കാലപരിധി തീര്‍ന്ന സാഹചര്യത്തില്‍
അദാനി ഗ്രൂപ്പില്‍ നിന്നും ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രവും സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും.

അതേസമയം ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകേണ്ടിവന്നതില്‍ ലത്തീന്‍ അതിരൂപതയ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യങ്ങള്‍ മത്സ്യതൊഴിലാളികളോട് വിശദീകരിക്കും. പുനരധിവാസം, നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ സമരത്തിന്റെ അടുത്തഘട്ടം തുടങ്ങാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.