സഭ എന്നും വികസനത്തിനൊപ്പം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

സഭ എന്നും വികസനത്തിനൊപ്പം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ

കൊച്ചി: തുറമുഖങ്ങള്‍ ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭ ഒരിക്കലും എതിരല്ലെന്ന് കെസിബിസിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ.

വിഴിഞ്ഞം തുറമുഖത്തിന് നേരത്തെയും സഭ എതിരായിരുന്നില്ല. തുറമുഖം വരുമ്പോള്‍ അവിടെ വസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാ സംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും ഇത്തരം ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടാനും തീരവാസികളുടെ ആവശ്യങ്ങളോടു ചേര്‍ന്നു നില്‍ക്കാനും തയാറായി.

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്കു സാധ്യമല്ലാത്ത തരത്തിലുള്ള സാഹചര്യത്തില്‍ അവരെ ഒരുമിച്ചു കൊണ്ടുവരുന്നതിന് ശ്രമിച്ചു. പരസ്പരം വിട്ടുവീഴ്ചകള്‍ നടത്തി സമവായത്തിലേക്കെത്തുന്നതിനായി. ഇനി തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവേണ്ടതുണ്ടന്ന് മാര്‍ ക്ലീമിസ് ബാവ പറഞ്ഞു.

തീരവാസികളുടെ പുനരധിവാസം, അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റി എന്നീ കാര്യങ്ങളില്‍ സമയബന്ധിതമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണം. നിയമങ്ങള്‍ ആവശ്യമുള്ളിടത്ത് നിയമമുണ്ടാക്കി നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു.

സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകളുടെ കാര്യത്തില്‍ ചര്‍ച്ചയുടെ വെളിച്ചത്തിലും നിയമങ്ങളുടെ സാധ്യത ഉപയോഗിച്ചും പരിഹാരമുണ്ടാകും. ബഫര്‍ സോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരും.

പ്രത്യാശയിലും സന്തോഷത്തിലും കൂട്ടായ ആലോചനയിലും സഭയുടെ അടിസ്ഥാന കാഴ്ചപ്പാടിലും ശുശ്രൂഷ നിര്‍വഹിക്കാനുള്ള നിയോഗമാണ് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട തനിക്കും സഹ ശുശ്രൂഷകര്‍ക്കുമുള്ളത്.

സങ്കീര്‍ണമായ കാലഘട്ടത്തില്‍ കൂട്ടായ ആലോചനകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ വിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.