ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച്ച വരാനിരിക്കെ സംസ്ഥാനത്തെ 30 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി. സംസ്ഥാനത്തെ പ്രധാന നേതാക്കളായ ധീരേന്ദര്‍ സിങ് ചൗഹാന്‍, സന്തോഷ് ദോഗ്ര, കുല്‍ദീപ് ഓക്ത, അനിഷ് ദിവാന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു വര്‍ഷത്തേക്ക് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സംസ്ഥാന കമ്മിറ്റി ഇവരെ പുറത്താക്കിയത്. 
തിരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് പാര്‍ട്ടി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടില്ല. ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. ഇതിനിടെയാണ് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കും വിധം തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെന്ന കണ്ടെത്തല്‍ ഉണ്ടായത്. 
വ്യാഴാഴ്ച്ച രാവിലെ മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 68 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 35 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. ബിജെപിയുടെ ഭരണത്തിനെതിരായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭരണം മാറാനുള്ള സാധ്യത കുറവാണ് എന്ന് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നു.
ബിജെപിക്ക് 37 സീറ്റുകള്‍ വരെ കിട്ടിയേക്കാം എന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനും സാധ്യത പറയുന്നു. തിരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. ദേശീയ നേതാക്കള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മാറി മാറി പാര്‍ട്ടികളെ പരീക്ഷിക്കുന്നവരാണ് ഹിമാചല്‍ പ്രദേശിലെ വോട്ടര്‍മാര്‍. ഇത്തവണ ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. രാഹുല്‍ ഗാന്ധി ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നില്ല. പ്രിയങ്ക ഗാന്ധിയാണ് ഇവിടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഭാരത് ജോഡോ യാത്ര ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ പ്രചാരണത്തിന് എത്താതിരുന്നത്. അതേസമയം, ബിജെപിക്ക് വേണ്ടി മോദി ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.