ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ ശേഷിക്കെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി

ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ ശേഷിക്കെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി

തിരുവനന്തപുരം: റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ ശേഷിക്കെ ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ തസ്‌തികയിലെ യോഗ്യതയിൽ മാറ്റം വരുത്തി പി.എസ്.സി. അഞ്ചു ലക്ഷത്തോളം പേർ അപേക്ഷിക്കുകയും രണ്ടു ഘട്ട പരീക്ഷ നടത്തുകയും ചെയ്ത തസ്‌തികയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ പ്രാഥമിക റാങ്ക് പട്ടികയിൽ പേരുവന്നു നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ തിരിച്ചടിയായി.

ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ലെന്നാണ് വിജ്ഞാപനം വന്ന് മൂന്ന് വർഷത്തിന് ശേഷം ഉദ്യോഗാർത്ഥികളെ പി.എസ്.സി അറിയിച്ചത്. ഇതോടെ, ഉദ്യോഗാർത്ഥികളിൽ വലിയൊരു വിഭാഗം റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താകുന്ന സ്ഥിതിയായി.

2019 ഡിസംബർ 31നാണ് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യയോഗ്യതയാണ് പറഞ്ഞിരുന്നത്. 14 ജില്ലകളിലായി അഞ്ചു ലക്ഷത്തോളം പേർ അപേക്ഷിച്ചു. പ്രാഥമിക പരീക്ഷ നടത്തി ഓരോ ജില്ലയ്ക്കും പ്രത്യേകം അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു. 2021 ഡിസംബർ 23ന് മുഖ്യ പരീക്ഷയും നടത്തി.

40,000 ത്തോളം ഉദ്യോഗാർത്ഥികളാണ് മുഖ്യ പരീക്ഷയെഴുതിയത്. മൂല്യനിർണയം പൂർത്തിയാക്കി സാദ്ധ്യതാപട്ടിക തയ്യാറാക്കിയപ്പോഴാണ്, യോഗ്യതയിൽ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയ കാര്യം പി.എസ്.സി ശ്രദ്ധിച്ചത്. ഇതോടെ, ഏഴാം ക്ലാസ് പാസായിരിക്കണമെന്നും, ബിരുദം പാടില്ലെന്നും ഇക്കഴിഞ്ഞ ഒക്ടോബർ 12 ന് തിരുത്തൽ വിജ്ഞാപനമിറക്കി. ഇതോടെ ബിരുദധാരികൾ അയോഗ്യരായി. പി.എസ്.സി നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.