മെയിന്‍പുരിയില്‍ ഡിപിള്‍ യാദവ് വന്‍ വിജയത്തിലേക്ക്; ബിജെപി സ്ഥാനാര്‍ത്ഥിയെക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍

മെയിന്‍പുരിയില്‍ ഡിപിള്‍ യാദവ് വന്‍ വിജയത്തിലേക്ക്; ബിജെപി സ്ഥാനാര്‍ത്ഥിയെക്കാള്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍

കാണ്‍പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സമാജ് വാദി പാര്‍ട്ടി വിജയത്തിലേക്ക്. ആകെ 2,63,825 വോട്ടുകള്‍ നേടിയ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവിന് ബിജെപിയുടെ രഘുരാജ് സിംഗ് ഷാക്യയെക്കാള്‍ 1,10,791 വോട്ടിന്റെ ലീഡുണ്ട്.

സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് പ്രതിനിധീകരിച്ചിരുന്ന മെയിന്‍പുരി മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവിന്റെ ഭാര്യ കൂടിയാണ് ഡിംപിള്‍ യാദവ്.

1989 മുതല്‍ ജനതാ പാര്‍ട്ടിയും 1996 മുതല്‍ സമാജ് വാദി പാര്‍ട്ടിയും മാത്രം വിജയിക്കുന്ന മണ്ഡലമാണ് മെയിന്‍പുരി. 1996 ലാണ് മുലായം സിങ് മണ്ഡലത്തില്‍ നിന്നും ആദ്യമായി മത്സരിക്കുന്നത്. പിന്നീട് 2009, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ മുലായം വിജയിച്ചു.

ബിജെപിയുടെ പ്രേം സിങ് ഷാക്യയ്‌ക്കെതിരെ 94,389 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ മുലായം സിങ് യാദവ് വിജയിച്ചത്. എന്നാല്‍ ഇത്തവണ മുലായത്തിനേക്കാള്‍ വലിയ വിജയത്തിലേക്കാണ് മരുമകള്‍ ഡിംപിള്‍ യാദവ് നീങ്ങുന്നത്. ഒരുകാലത്ത് ശിവ്പാല്‍ സിംഗ് യാദവിന്റെ അടുത്ത അനുയായിയായിരുന്ന രഘുരാജ് സിംഗ് ഷാക്യയെയാണ് ബിജെപി ഇത്തവണ രംഗത്തിറക്കിയത്.

ഇതുവരെ എണ്ണിയതില്‍ 69 ശതമാനത്തിലധികം വോട്ടുകളാണ് ഡിംപിള്‍ യാദവിന് ലഭിച്ചത്. ഡിസംബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ 54.01 ശതമാനമായിരുന്നു പോളിങ്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനാണ് ഉപതിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) കോണ്‍ഗ്രസും ഇത്തവണ മത്സരരംഗത്തില്ല.

അതേസമയം മുതിര്‍ന്ന എസ്.പി നേതാവ് അസം ഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംപൂര്‍ സീറ്റില്‍ എസ്.പി സ്ഥാനാര്‍ത്ഥി അസിം രാജ വിജയത്തിലേക്ക് അടുക്കുകയാണ്. 2013 ലെ കലാപക്കേസില്‍ ജില്ലാ കോടതി ശിക്ഷിച്ചതിന് ശേഷം രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബിജെപിയുടെ വിക്രം സിംഗ് സൈനിയെ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഖത്തൗലിയിലും എസ്.പിക്കാണ് മുന്‍തൂക്കം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.