അന്താരാഷ്ട്ര ചലചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കം; പ്രദര്‍ശിപ്പിക്കുന്നത് 186 സിനിമകള്‍

അന്താരാഷ്ട്ര ചലചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കം; പ്രദര്‍ശിപ്പിക്കുന്നത് 186 സിനിമകള്‍

തിരുവനന്തപുരം: 27-ാമത് അന്താരാഷ്ട്ര ചലചിത്ര മേളക്ക് (ഐ.എഫ്.എഫ്.കെ) വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കം. എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. 

ലോക സിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇതില്‍ 12 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിനാണ് മേള വേദിയാകുന്നത്. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകളും റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ചലചിത്രാചാര്യന്‍ എഫ്.ഡബഌു. മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്‌റേഡര്‍, സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യന്‍ എന്നറിയപ്പെടുന്ന ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലഹാന്ദ്രോ ജൊഡോറോവ്‌സ്‌കി എന്നിവരുടെ സിനിമകളും പ്രദര്‍ശിപ്പിക്കും.

സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാഫര്‍ പനാഹി, ഫത്തി അകിന്‍, ക്രിസ്‌റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ഡുക്കിന്റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 50 വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ നടക്കും.

14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. 12000 ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായെത്തും. ഇതില്‍ 40 ഓളം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 16ന് മേള സമാപിക്കും. 

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. 

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും.

ഫെസ്റ്റിവല്‍ ബുക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജുവിന് നല്‍കിയും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിയും പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ. വി.കെ. പ്രശാന്ത് എംഎല്‍എ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്യും. 

ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും അക്കാദമി സെക്രട്ടറിയുമായ സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.