മുസ്ലിങ്ങളല്ലാത്ത കുട്ടികള്‍ മദ്രസകളില്‍; വിശദമായ അന്വേഷണത്തിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്

 മുസ്ലിങ്ങളല്ലാത്ത കുട്ടികള്‍ മദ്രസകളില്‍; വിശദമായ അന്വേഷണത്തിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത മദ്രസകളില്‍ മുസ്ലിംങ്ങളല്ലാത്ത കുട്ടികളെ പ്രവേശിപ്പിക്കുന്നതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി.

പരാതിയില്‍ ഇടപെട്ട കമ്മീഷന്‍ മുസ്ലിംങ്ങളല്ലാത്ത കുട്ടികളെ പ്രവേശിപ്പിക്കുന്ന എല്ലാ അംഗീകൃത മദ്രസകളെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഉത്തരവ് നല്‍കി.

വിശദമായ അന്വേഷണത്തിന് ശേഷം മദ്രസകളിലെ എല്ലാ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനും കമ്മീഷന്‍ ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു.

ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ആണ് ഉത്തരവിറക്കിയത്. അമുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികള്‍ സര്‍ക്കാര്‍ ധനസഹായമുള്ള അംഗീകൃത മദ്രസകളില്‍ പഠിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മദ്രസകള്‍ക്ക് മുസ്ലിം കുട്ടികള്‍ക്ക് മതപരമായ വിദ്യാഭ്യാസം നല്‍കുന്നതിന് ഉത്തരവാദിത്വമുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതോ സര്‍ക്കാര്‍ അംഗീകരിച്ചതോ ആയ മദ്രസകള്‍ കുട്ടികള്‍ക്ക് മതപരവും ഒരു പരിധിവരെ ഔപചാരികവുമായ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്നും പ്രിയങ്ക് വ്യക്തമാക്കി. 30 ദിവസത്തിനകം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മദ്രസ വിഷയത്തില്‍ എടുത്ത നടപടി റിപ്പോര്‍ട്ട് കമ്മീഷന് നല്‍കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.