ഇടയ്‌ക്കൊരു ബ്രേയ്‌ക്കെടുത്ത് നല്ലൊരു യാത്രയൊക്കെ പോകാം !

ഇടയ്‌ക്കൊരു ബ്രേയ്‌ക്കെടുത്ത് നല്ലൊരു യാത്രയൊക്കെ പോകാം !

ജോലിത്തിരക്കും ജീവിതത്തിലെ ഉത്തരവാദിത്വങ്ങളുമായി പരക്കം പായുന്നതിനിടയില്‍ ഒരു അവധിയെടുക്കേണ്ടത് അനിവാര്യമാണ്. കുറച്ചു സമയം യാത്രകള്‍ക്കായി മാറ്റിവയ്ക്കുന്നത് ഒരുപാട് നേട്ടങ്ങളുണ്ടാക്കും. യാത്രകള്‍ പലര്‍ക്കും ആത്മപരിശോധന നടത്താനും ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളെക്കുറിയച്ചുമൊക്കെ ഒന്ന് വിലയിരുത്താനും ലഭിക്കുന്ന അവസരമാണ്. അതുകൊണ്ട് സ്ഥിരം ഷെഡ്യൂള്‍ ഒന്ന് മാറ്റുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണെന്ന് വിദ്ഗ്ദര്‍ അഭിപ്രായപ്പെടുന്നു.

സമ്മര്‍ദ്ദം കുറയ്ക്കാം

ശാരീരികവും മാനസികവുമായി ആളുകള്‍ തളരാന്‍ കാരണം സമ്മര്‍ദ്ദമാണ്. ഇടയ്ക്കിടെ യാത്രകള്‍ നടത്തി ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. സ്ഥിരം ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് അല്‍പം ശ്രദ്ധ തിരിച്ച് മനസിനെ ഒന്ന് റിലാക്സ് ചെയ്യാനും റീച്ചാര്‍ജ്ജ് ചെയ്യാനും യാത്രകള്‍ സഹായിക്കും.
മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ പഠിക്കാം

വെക്കേഷന് പോകാം എന്ന് പറയുന്നത് എളുപ്പമാണെങ്കിലും അത് നടപ്പാക്കിയെടുക്കാന്‍ അത്ര എളുപ്പമല്ല. അപ്രതീക്ഷിതമായ ചിലവുകളും ഫ്ളൈറ്റ് ഡിലെ, താമസം, ആരോഗ്യപ്രശ്നങ്ങള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ മാറി മാറി നിയന്ത്രിക്കുമ്പോള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സ്വയം പ്രാപ്തരാകും.

കൂടുതല്‍ ബന്ധം

ബന്ധുക്കളും പഠന കാലത്തെയും ജോലി സ്ഥലത്തെയുമൊക്കെ സുഹൃത്തുക്കളുമാണ് പലരുടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിലുള്ള അംഗങ്ങള്‍. എന്നാല്‍ ഒരു യാത്ര നടത്തി വരുമ്പോള്‍ നമുക്ക് പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കാനാകും. അതുവരെ ഒരു പരിചയവുമില്ലാത്ത ആളുകള്‍ പോലും അടുത്ത സുഹൃത്തുക്കളായി മാറും. നിങ്ങള്‍ക്ക് അതുവരെ പരിചയമുള്ള ആളുകള്‍ സംസാരിക്കുന്നതു പോലെയോ പെരുമാറുന്നതു പോലെയോ ആയിരിക്കില്ല യാത്രകളില്‍ ലഭിക്കുന്ന സൗഹൃദങ്ങള്‍ അനുഭവപ്പെടുക. തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരങ്ങളും ജീവിത രീതികളുമൊക്കെ ഇത്തരം സൗഹൃദങ്ങള്‍ നമ്മളെ പഠിപ്പിക്കും.

സമാധാനം അതാണ് മെയിന്‍

പതിവ് ദിനചര്യകളെല്ലാം അപ്പാടെ മാറ്റി സ്വസ്ഥമായി സമയം ചിലവിടുന്നത് മനസിനെ പുനക്രമീകരിക്കാന്‍ സഹായിക്കും. പുതിയ സ്ഥലങ്ങള്‍ കണ്ടും പുതിയ ആളുകളെ പരിചയപ്പെട്ടും വെല്ലുവിളികളെ മറികടന്നുമൊക്കെ മുന്നേറാന്‍ യാത്രകള്‍ സഹായിക്കും. നിങ്ങള്‍ ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങളെയും ആളുകളെയും കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടും. ജീവിതത്തിലുണ്ടായിട്ടുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാനും ജീവിതത്തിന് പുതിയ കാഴ്ചപ്പാടുണ്ടാക്കാനും യാത്ര നല്ലതാണ്.

സര്‍ഗാത്മകത വര്‍ധിപ്പിക്കാം

യാത്രകള്‍ നിങ്ങളെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രേരിപ്പിക്കും. യാത്രക്കിടയില്‍ സംഭവിക്കുന്നതെല്ലാം പുതിയതും ഫ്രെഷും ആയിരിക്കും. പ്രത്യേകിച്ച് ഇതുവരെ പോകാത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍.

അറിവ് ചെറിയ നേട്ടമല്ല

തലച്ചോറിന് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ച് നിങ്ങളുടെ അറിവ് വര്‍ധിപ്പിക്കാന്‍ യാത്രകള്‍ക്കാകും. ഇതുവരെ അഭിമുഖീകരിക്കാത്ത പ്രശ്നങ്ങളിലേക്ക് എത്തുമ്പോള്‍ അതിന് പ്രതിവിധി കണ്ടെത്താന്‍ സൂക്ഷ്മ ബുദ്ധി വേണം. ഇതിന്റെ ഫലമായി തലച്ചോറ് അതുല്യമായ അറിവിന് കാരണമാകുന്ന ന്യൂറല്‍ കണക്ഷനുകള്‍ ഉണ്ടാക്കും അങ്ങനെ അറിവും വര്‍ധിക്കും ചിന്തിക്കാനുള്ള ശേഷിയും വര്‍ധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.