ന്യൂഡെല്‍ഹി: മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവുമായ സഞ്ജു സാംസണ് അയര്‍ലന്‍ഡ് ടീം വന്‍ ഓഫര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. സഞ്ജുവിനെ അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനാക്കാമെന്നും എല്ലാ മത്സരങ്ങളും കളിപ്പിക്കാമെന്നുമാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്തത്. ദേശീയ സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'സഞ്ജു ഞങ്ങളുടെ ദേശീയ ടീമിലുണ്ടെങ്കില്‍ അദ്ദേഹത്തെ എല്ലാ മത്സരങ്ങളും കളിപ്പിക്കും. അദ്ദേഹം വളരെ കഴിവുള്ള ബാറ്ററാണ്, അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ്. ഞങ്ങളുടെ ദേശീയ ടീമിനു കളിക്കുന്നതിനു ഞങ്ങള്‍ അദ്ദേഹത്തിന് ഒരു ഓഫര്‍ നല്‍കുന്നു. ഞങ്ങളുടെ ടീമിന് അദ്ദേഹത്തെപ്പോലെ ഒരു നായകനും ബാറ്ററും ആവശ്യമാണ്. ഇന്ത്യന്‍ ടീം അദ്ദേഹത്തെ അവഗണിക്കുകയാണെങ്കില്‍, ഞങ്ങളോടൊപ്പം ചേരാം, ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും എല്ലാ മത്സരങ്ങളും കളിക്കാന്‍ അനുവദിക്കുകയും ചെയ്യും.' അയര്‍ലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ സഞ്ജു ഈ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. തന്നെ പരിഗണിച്ചതിന് അയര്‍ലന്‍ഡിനോട് സഞ്ജു നന്ദി പ്രകടിപ്പിച്ചെങ്കിലും തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി മാത്രമേ കളിക്കാനാകൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കുന്നത് ഒരിക്കലും ചിന്തിക്കാനാവില്ലെന്നും താരം പറഞ്ഞു.
'എന്നെ പരിഗണിച്ചതിന് അയര്‍ലന്‍ഡ് ക്രിക്കറ്റ് പ്രസിഡന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കാനാണ് ഞാന്‍ ക്രിക്കറ്റ് തുടങ്ങിയത്. മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ കളിക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ കഴിയില്ല, അയര്‍ലന്‍ഡ് ക്രിക്കറ്റ് പ്രസിഡന്റിനോട് ക്ഷമിക്കണം.' സഞ്ജു സാംസണ്‍ പറഞ്ഞു.
സ്ഥിരമായി പ്ലേയിങ് ഇലവന്‍ ടീമില്‍ ഇടം ലഭിക്കുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമെന്നും എനിക്ക് സങ്കടമില്ലെന്നും സഞ്ജു സാംസണ്‍ അയര്‍ലന്‍ഡിനു മറുപടി നല്‍കിയതായും സൂചനയുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് സഞ്ജു, നിരന്തരമായി അവഗണന നേരിടുന്നെന്ന ആരോപണത്തിനിടെയാണ് ഈ റിപ്പോര്‍ട്ടെന്നത് ശ്രദ്ധേയമാണ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്താതില്‍ ബിസിസിഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.