അടിമത്തത്തിന്റെ വിപരീത പദങ്ങളെവിടെ?

അടിമത്തത്തിന്റെ വിപരീത പദങ്ങളെവിടെ?

'എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിച്ച ഒരേ അവകാശവും മഹത്വവുമുള്ള വ്യക്തികളാണ്. കാര്യകാരണ വിവേചന ശക്തിയുള്ള മനുഷ്യന്‍ പരസ്പരം സാഹോദര്യത്തിന്റെ ചൈതന്യത്തില്‍ ജീവിക്കണം'', 1948 ഡിസംബര്‍ പത്തിന് ഐക്യരാഷ്ട്രസഭ നടത്തിയ മനുഷ്യവകാശത്തെപ്പറ്റി യുള്ള സാര്‍വത്രിക പ്രഖ്യാപനത്തിലെ (Universal Declaration of Human Rights) 30 ആര്‍ട്ടിക്കിളുകളില്‍ ഒന്നാമത്തേതാണു മുകളില്‍ പറഞ്ഞത്. ഇന്നു ലോക മനുഷ്യാവകാശദിനം. ലോകം ഓരോ മനുഷ്യന്റെയും അവകാശങ്ങള്‍ ഓര്‍ക്കുന്ന ദിനം മാത്രമല്ല, ഓരോ മനുഷ്യനും തന്റെ അവകാശങ്ങള്‍ ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണിന്ന്.

യാതൊരു പരിധിയുമില്ലാത്ത, എന്നാല്‍ ഉത്തരവാദിത്വ ബോധമുള്ള സ്വാതന്ത്ര്യത്തിന്റെ അവകാശിയാണ് നീയും ഞാനുമെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടിമത്തത്തിന്റെ വിപരീത പദങ്ങളുടെ ആഘോഷമാണ് മനുഷ്യാവകാശ ദിനത്തിന്റെ ആഘോഷം. എല്ലാ രാജ്യങ്ങളിലും മനുഷ്യന് ഒരേ നിയമങ്ങളാണുണ്ടാകേണ്ടത്. ജാതി, മത, വര്‍ണ വര്‍ഗ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ഓരോ നാട്ടിലും എല്ലാ മനുഷ്യര്‍ക്കും ഈ അവകാശങ്ങള്‍ ലഭിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ സാര്‍വത്രിക സന്ദേശം.

ഇന്ന് മതേതരത്വത്തിന്റെ ഈറ്റില്ലമായ ഇന്ത്യയിലും സാക്ഷര സംസ്‌കാരത്തിന്റെ കളരിയായ കേരളത്തിലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണോ, നിഷേധിക്കപ്പെടുകയാണോ എന്നു തിരിച്ചറിയാനും ഈ ദിനാചരണം നമ്മെ പ്രേരിപ്പിക്കണം. ചിന്തയ്ക്കും മനസാക്ഷിക്കും വിശ്വാസത്തിനും തുല്യവും പൂര്‍ണവുമായ സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന 18-ാം ആര്‍ട്ടിക്കളിന്റെ നഗ്‌നമായ ലംഘനം നമ്മുടെ നാട്ടിലും നടമാടുന്നുണ്ട് എന്നത് സത്യമല്ലേ? മതവും രാഷ്ട്രീയവും പരസ്പരം കൊള്ളയടിക്കാനും ജീവിക്കാനുമുള്ള ലൈസന്‍സായി മാറുന്ന ഈ ദുഷിച്ച കാലത്തില്‍ മനുഷ്യാവകാശത്തിന്റെ മുന്നണിപ്പോരാളികളാവുകയാണ് വളരുന്ന തല മുറയുടെ ദൗത്യം.

തീവ്രവാദവും മതപീഡനവും മനുഷ്യാവകാശത്തിന്മേലുള്ള അധിനിവേശമാണ്. കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ പഠിക്കാനുള്ള അവകാശ നിഷേധത്തിന്റെ മുറവിളികളുമായി രാഷ്ട്രീയ കൂലിത്തല്ലുകാര്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ കുപ്പായമിട്ട് കലാലയങ്ങള്‍ തല്ലിത്തകര്‍ക്കുമ്പോള്‍ ഭരണവര്‍ഗ പ്രത്യയ ശാസ്ത്രത്തിന്റെ പ്രചരണ മാധ്യമമായി പാഠപുസ്തകങ്ങള്‍ ദുരുപയോഗിക്കപ്പെടുമ്പോള്‍, കുടിപ്പകയുടെ കാളകൂടം വിഴുങ്ങിയ ക്വട്ടേഷന്‍ സംഘങ്ങളുടെ കൊടു വാള്‍ മുനകളില്‍ നിരപരാധികളുടെ ജീവന്‍ പിടഞ്ഞൊടുങ്ങുമ്പോള്‍, അയല്‍ക്കാരന്റെ അതിരുമാന്തിക്കിട്ടുന്ന അരയടി മണ്ണില്‍ വിത്തുവിതയ്ക്കാന്‍ കൊതിക്കുന്ന സ്വാര്‍ത്ഥത, അധികാരത്തിന്റെ സംഘഗാനമായി പടരുമ്പോള്‍, മദ്യ-മയക്കുമരുന്നു മാഫിയ കുരുന്നു ബാല്യത്തിനും ത്രസിക്കുന്ന യുവത്വത്തിനും വില പറയുമ്പോള്‍ ഡിസംബര്‍ 10 നമ്മുടെ ഉറക്കം കെടുത്തുകയാണ്.

മണ്ണപ്പം ചുടാന്‍ മണ്ണുമാന്തുന്ന പിഞ്ചുകുഞ്ഞിന്റെ കൈയിലിരുന്ന് കുഴിബോംബു പൊട്ടുന്ന ഒച്ചകള്‍ ഇന്നിന്റെ നെഞ്ചു കൂടു തകര്‍ത്തു മുഴങ്ങുമ്പോള്‍ മനുഷ്യാവകാശ മൂല്യങ്ങള്‍, കലാപത്തിന്റെ കൃഷിയിടങ്ങളില്‍ കിടന്ന് ദ്രവിക്കുകയാണ്. എങ്കിലും പുതിയൊരു ലോകത്തിനായി നമുക്കുണരാം. പരസ്പരമുള്ള അവകാശത്തെപ്പറ്റി പരസ്പരം ബോധ്യപ്പെടുത്താം. സ്വന്തമെന്ന പോലെ അപരന്റെ അടിസ്ഥാനാവകാശങ്ങളുടെ കാവലാകാം.

ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26