ഹിമാചലില്‍ സുഖ് വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ

ഹിമാചലില്‍ സുഖ് വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ

ഷിംല: ഹിമാചല്‍ പ്രദേശില്‍ സുഖ് വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു വിട്ടിരുന്നു. അല്‍പ്പസമയത്തിനകം നിയമസഭാ കക്ഷി യോഗം ചേരും.

ഇന്നലെ നിയമസഭാ കക്ഷി യോഗം ചേര്‍ന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തില്‍ സമവായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ് വിന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. അതിനിടെയാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിങിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ തുറന്നടിച്ചു.

പിന്നാലെ പ്രതിഭയുമായി ചര്‍ച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞ് പ്രതിഭയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. രാത്രി യോഗം നടന്ന കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു.

ഇതിനിടെ ഹിമാചലില്‍ സ്വതന്ത്ര എംഎല്‍എമാരെ കൂടെ നിര്‍ത്താനും കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്. ബിജെപി ക്യാമ്പില്‍ നിന്നും ചിലരെ മറുകണ്ടം ചാടിക്കാനും ശ്രമമുണ്ട്.

നിലവില്‍ 43 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ ആറോ ഏഴോ ബിജെപി എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.