ആഫ്രിക്കന്‍ തിരയിളക്കത്തില്‍ മുങ്ങിത്താണ് പറങ്കിക്കപ്പല്‍; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയില്‍

ആഫ്രിക്കന്‍ തിരയിളക്കത്തില്‍ മുങ്ങിത്താണ് പറങ്കിക്കപ്പല്‍; പോര്‍ച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമിയില്‍

ദോഹ: പടനായകനെ കരയ്ക്കിരുത്തി ഏറ്റുമുട്ടലിനിറങ്ങിയ പറങ്കിപ്പടയ്ക്ക് കാലിടറി. ആഫ്രിക്കന്‍ കരുത്തിനും വേഗതയ്ക്കും മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കയോട് പോര്‍ച്ചുഗല്‍ അടിയറവ് പറഞ്ഞു. അവസാന മിനിറ്റുകളില്‍ രക്ഷയ്‌ക്കെത്തിയ സുപ്പര്‍താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്കും ടീമിനെ കരയ്‌ക്കെത്തിക്കാനായില്ല. പറങ്കികളുടെ ലോകകപ്പ് മോഹങ്ങള്‍ പടിക്കല്‍ ഉടഞ്ഞുവീണപ്പോള്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സെമിയിലെത്തിയെന്ന പുതുചരിത്രവും ക്വാര്‍ട്ടറിലെ മൂന്നാം മത്സരത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു. 

ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ ജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. അവസാന മിനിറ്റുകളില്‍ മൊറോക്കോ പോസ്റ്റിലേക്ക് പീരങ്കി ആക്രമണം പോലെ നിരന്തരം നിറയൊഴിച്ചെങ്കിലും പലതും മൊറോക്കോ ഗോളി യാസിന്‍ ബോനോയുടെ മാസ്മരിക രക്ഷപെടുത്തലുകളില്‍ നിര്‍വീര്യമായി. മറ്റുള്ളവയാകട്ടെ ലക്ഷ്യം തൊടാതെ പുറത്തേക്കും പോയി. 

മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും മധ്യനിരയിലെ ആധിപത്യവും കൊണ്ട് പോര്‍ച്ചുഗലിനെ മുക്കിക്കളഞ്ഞാണ് മൊറോക്കോ ചരിത്രജയം സ്വന്തമാക്കിയത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ പോര്‍ച്ചുഗലിനും കഴിഞ്ഞില്ല. 42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. യഹ്യ അറ്റിയാറ്റ് നല്‍കിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു. 

ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോള്‍കീപ്പര്‍ ബോനോയുടെ പ്രകടനവുമാണ് അവരെ സെമിയിലെത്തിച്ചത്. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും പോര്‍ച്ചുഗീസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മൊറോക്കോയ്ക്കായി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മൊറോക്കോ 10 പേരായി ചുരുങ്ങിയിട്ടും ആ സാഹചര്യം മുതലാക്കാന്‍ പോര്‍ച്ചുഗലിനായില്ല.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഹെഡര്‍ പക്ഷേ മൊറോക്കന്‍ ഗോളി ബോനോ അവിശ്വസനീയമായി തട്ടിയകറ്റി. പിന്നാലെ ഏഴാം മിനിറ്റില്‍ മൊറോക്കോയ്ക്കും ഒരു അവസരം ലഭിച്ചു. ഹക്കീം സിയെച്ചെടുത്ത കോര്‍ണറില്‍ നിന്ന് സ്‌കോര്‍ ചെയ്യാനുള്ള അവസരം യൂസഫ് എന്‍ നെസിരി നഷ്ടപ്പെടുത്തി. 26-ാം മിനിറ്റിലും എന്‍ നെസിരിക്ക് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 

ഒടുവില്‍ 42-ാം മിനിറ്റില്‍ യഹ്യയുടെ ക്രോസ് പോര്‍ച്ചുഗല്‍ ബോക്സില്‍ ഉയര്‍ന്നുചാടി നെസിരി വലയിലെത്തിച്ചു. 45-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങുകയും ചെയ്തത് പോര്‍ച്ചുഗലിന് തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49-ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തി. സിയെച്ചിന്റെ ഫ്രീ കിക്ക് എല്‍ യാമിക് കണക്ട് ചെയ്തെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടല്‍ രക്ഷയായി.

തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട എന്നിവരെ കളത്തിലിറക്കിയിട്ടും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല. 83-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ നിന്ന് ജോവോ ഫെലിക്സിന്റെ ഗോളെന്നുറച്ച ഒരു ബുള്ളറ്റ് ഷോട്ട് ബോനോ തട്ടിയകറ്റി. പിന്നാലെ ഇന്‍ജുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളെന്നുറച്ച ഷോട്ടും ബോനോ രക്ഷപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.