വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തിയില്ലാതെ ലത്തീന്‍ അതിരൂപത; ഞായറാഴ്ച്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും

വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തിയില്ലാതെ ലത്തീന്‍ അതിരൂപത; ഞായറാഴ്ച്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ അതിരൂപത. സമരക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാര്‍ വാദം മാത്രമാണെന്നും അതിരൂപത വിമര്‍ശിക്കുന്നു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇന്ന് തിരുവനന്തപുരം അതിരൂപതയിലെ പള്ളികളില്‍ വായിക്കും. 

സമരം നിര്‍ത്തിവച്ചതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്നതായിരുന്നു സഭയുടെ ലക്ഷ്യം. വിഴിഞ്ഞം സംഘര്‍ഷമായിരുന്നു സമരം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഭാഗികം മാത്രമാണ്. അതിനെ അതിജീവിക്കാനുള്ള സമ്മര്‍ദത്തില്‍ ഭാവിയിലും ഒരുമിച്ച് നില്‍ക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ സര്‍ക്കുലറില്‍ പറയുന്നു. 

വിഴിഞ്ഞം സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദിവസങ്ങളായി തുടര്‍ന്നു വന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായത്. അദാനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് 8000 രൂപ വാടകയായി നല്‍കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്ന നിലപാടാണ് സമര സമിതി കൈക്കൊണ്ടത്. ഇത് ഒഴികെയുള്ള 5500 രൂപ വാടക ഇനത്തില്‍ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. 

എന്നാല്‍ സമര സമിതി ഉന്നയിച്ച മറ്റ് പല ആവശ്യങ്ങള്‍ മുഖ്യമന്ത്രി അവഗണിച്ചു. അതൊക്കെ നിലവില്‍ നല്‍കിയിട്ടുള്ളതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതൊക്കെ സര്‍ക്കാരിന്റെ വാദങ്ങള്‍ മാത്രമാണെന്നാണ് അതിരൂപത ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്. ഇക്കാര്യങ്ങളിലെ നിജസ്ഥിതി മത്സ്യതൊഴിലാളികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.