തിരുവനന്തപുരം: വിവാദമായ പോലീസ് ആക്ട് ഭേദഗതിക്കെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തെഴുതി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉഗാണ്ടയുടെ ഏകാധിപതിയായിരുന്ന ഈദി അമീനിന് സമാനമായ നയങ്ങളാണ് പുലര്‍ത്തുന്നതെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു. സംസ്ഥാനത്തിന്റെ പോലീസ് ആക്ടില്‍ 118 (എ) കൂട്ടിച്ചേര്‍ക്കാന്‍ കേരള സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ്. മാധ്യമങ്ങള്‍ക്ക് നേരെ പടവെട്ടുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ തന്നെ വെല്ലുവിളിക്കുകയുമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐടി ആക്ടില്‍ നിന്നും സെക്ഷന്‍ 66 (എ)യും കേരള പോലീസ് ആക്ട് 118 (ഡി)യും ഭരണഘടനാടിസ്ഥാനത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് ഹാനികരമാണെന്ന കാരണത്താല്‍ 2015ല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി റദ്ദാക്കി.
അതേ നിയമത്തെ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ച് മാധ്യമ ലോകത്തെ തന്നെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സുപ്രീം കോടതിയെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. 66 (എ) ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മീതെ മാത്രമാണ് വലവിരിച്ചതെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന 118 (എ) മാധ്യമ മേഖലയെ ഒട്ടാകെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതില്‍ നിന്നുതന്നെ സര്‍ക്കാരിന്റെ ദുരുദ്ദേശവും 118 (എ) എന്ന കരിനിയമത്തിന്റെ ഭീകരതയും മനസ്സിലാക്കാവുന്നതാണ്. നവമാധ്യമങ്ങള്‍ക്ക് വിലങ്ങിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ''ജനവിരുദ്ധമായ നിയമ സംഹിതകള്‍ കൊണ്ട് തച്ചുതകര്‍ക്കാവുന്നവയല്ല പൗര സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാന്‍ നവ മാധ്യമത്തില്‍ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്'' എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തില്‍ തന്നെയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുന്നതെന്നതാണ് വിരോധാഭാസം. നിയമത്തെ നീതികരിക്കാനായി സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വാദങ്ങള്‍ ഇത് നവമാധ്യമങ്ങളെ നിയന്ത്രണവിധേയമാക്കുവാനും സൈബര്‍ ലോകത്ത് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനുമുള്ള ചവിട്ടുപടിയാണെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട ഓര്‍ഡിനന്‍സിലെവിടെയും സ്ത്രീ സുരക്ഷയെന്നോ, സമൂഹ മാധ്യമങ്ങളെന്നോ ഉള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടു പോലുമില്ല.
ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പറയുന്നതിലൂടെ ജനങ്ങളുടെ മുന്നില്‍ വസ്തുതകള്‍ തുറന്നു കാട്ടുകയും ഉന്നത തലത്തില്‍ നടക്കുന്ന അഴിമതികളും അക്രമങ്ങളും വെളിച്ചത്ത് കൊണ്ടു വരികയും ചെയ്യുകയെന്ന മാധ്യമ ധര്‍മ്മത്തെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് വ്യക്തമാണ്. കൂടാതെ നിയമപരമായി പരാതി നല്‍കാതെ തന്നെ പോലീസിനു ഈ നിയമം ചുമത്തി സ്വമേധയാ കേസെടുക്കാമെന്നു കൂടി ഓര്‍ഡിനന്‍സില്‍ പറയുന്നു. ഇത് പൂര്‍ണമായും സംസ്ഥാനത്തെ ഒരു പോലീസ് രാജ് സമ്പ്രദായത്തിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. ലോകത്ത് ഒരു ജനാധിപത്യക്രമത്തിലും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത്ര കര്‍ക്കശമായ നയമാണിത്. നവമാധ്യമങ്ങള്‍ക്ക് മുകളില്‍ ഒരു നിയന്ത്രണം കൊണ്ടു വരികയെന്നാണ് ഉദ്ദേശമെന്നു വരുത്തി തീര്‍ത്ത്, അവരുടെ ഗൂഢമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് നേരെ കടക്ക് പുറത്ത് എന്ന് ആക്രോശിക്കുന്ന, അവരുടെ ചോദ്യങ്ങള്‍ക്ക് സൗകര്യപൂര്‍വ്വമുള്ള മറുപടികള്‍ മാത്രം പറയുന്ന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കുന്ന ഈ കരിനിയമം കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നു മാത്രമല്ല ജനാധിപത്യ വിരുദ്ധം കൂടിയാണ്. ''അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അഭിപ്രായം പറഞ്ഞ ശേഷം ആര്‍ക്കെങ്കിലും സ്വാതന്ത്ര്യം ഉണ്ടാകുമോ എന്ന് എനിക്ക് ഉറപ്പുതരാനാവില്ല'' എന്ന് കല്പിച്ച സ്വേച്ഛാധിപതിയായ ഈദി അമീനിന്റെ മുഖം പിണറായി വിജയനില്‍ പ്രതിഫലിക്കുന്നുണ്ട്. 1878ല്‍ നിലവിലുണ്ടായിരുന്ന വെര്‍നാക്കുലര്‍ പ്രസ് ആക്ടിന്റെ പുനരുദ്ദാരണമാണ് ഈ ഓര്‍ഡിനന്‍സ്. അതു കൊണ്ട് തന്നെ പ്രാബല്യത്തില്‍ വരുംമുന്‍പേ ഈ കരിനിയമം പിൻവലിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.