ഖത്തര്‍ ലോകകപ്പ്: ഗോള്‍ഡന്‍ ബൂട്ടിനായി ആറ് താരങ്ങള്‍

ഖത്തര്‍ ലോകകപ്പ്: ഗോള്‍ഡന്‍ ബൂട്ടിനായി ആറ് താരങ്ങള്‍

ദോഹ: ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ സെമിഫൈനലിലേക്ക് കടക്കുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ആറ് താരങ്ങള്‍. ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തന്നെയാണ് ഗോള്‍ വേട്ടയില്‍ മുന്നില്‍.

32 ടീമുകളുമായി തുടങ്ങിയ മത്സരം ഇപ്പോള്‍ നാല് ടീമുകളിലേക്ക് ചുരുങ്ങി. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ 158 ഗോളുകളാണ് ലോകകപ്പില്‍ പിറന്നത്. അര്‍ജന്റീന, ഫ്രാന്‍സ്, ക്രൊയേഷ്യ, മൊറോക്കോ ടീമുകളില്‍ നിന്നായി രണ്ട് ഗോളുകളെങ്കിലും നേടിയ ആറ് പേരാണ് ഗോള്‍ഡന്‍ ബൂട്ടിനായി പോരടിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആറ് ഗോളുമായി ഹാരി കെയ്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

കിലിയന്‍ എംബാപ്പെയുടെ പേരില്‍ അഞ്ച് ഗോളുകളുണ്ട്. രണ്ട് അസിസ്റ്റും എംബാപ്പെ പേരില്‍ ചേര്‍ത്തു. അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് രണ്ടാമത്. അഞ്ച് കളിയില്‍ നേടിയത് നാല് ഗോളും രണ്ട് അസിസ്റ്റും.

ഫ്രാന്‍സിന്റെ ഒളിവിയര്‍ ജിറൂദാണ് തൊട്ടു പിന്നില്‍. നാല് ഗോളുമായി മെസിക്കൊപ്പമാണ് ജിറൂദ്. രണ്ട് ഗോളുകള്‍ നേടിയ ക്രമാരിച്ചാണ് ക്രൊയേഷ്യന്‍ നിരയിലെ ഗോള്‍ വേട്ടക്കാരന്‍.

മൊറോക്കോയുടെ മുന്നേറ്റത്തില്‍ കരുത്തായ യൂസഫ് അന്നസീരിക്കും പേരിലുള്ളത് രണ്ട് ഗോളുകള്‍. അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസും രണ്ട് ഗോള്‍ നേടി. സെമിഫൈനലില്‍ ജയിക്കുന്നവര്‍ക്ക് ഫൈനലും തോല്‍ക്കുന്നവര്‍ക്ക് ലൂസേഴ്സ് ഫൈനലുമുള്ളതിനാല്‍ രണ്ട് കളികളാണ് നാല് ടീമുകളിലെ താരങ്ങള്‍ക്കും ഇനി ബാക്കിയുള്ളത്. നാളെയാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. നാളെ രാത്രി 12.30ന് അര്‍ജന്റീന, ക്രൊയേഷ്യയെ നേരിടും.

ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ്, മൊറോക്കോയെ നേരിടും. മാറോക്കോയും ക്രൊയേഷ്യയും ഇതുവരെ ലോക ചാംപ്യന്മാരായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.