യുദ്ധഭൂമിയിലെ കുരുന്നുകള്‍ക്കായി പുല്‍ക്കൂടിനു മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കാം; കുഞ്ഞുങ്ങളോട് ആഹ്വാനവുമായി മാര്‍പ്പാപ്പ

യുദ്ധഭൂമിയിലെ കുരുന്നുകള്‍ക്കായി പുല്‍ക്കൂടിനു മുന്നില്‍നിന്നു പ്രാര്‍ത്ഥിക്കാം; കുഞ്ഞുങ്ങളോട് ആഹ്വാനവുമായി മാര്‍പ്പാപ്പ

സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിക്കുന്നതിനായി എത്തിച്ച ഉണ്ണിയേശുവിന്റെ രൂപം

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭയാനകവും ഇരുണ്ടതുമായ ദിനങ്ങള്‍ തള്ളിനീക്കാന്‍ നിര്‍ബന്ധിതരായ ഉക്രെയ്ന്‍ ജനതയുടെ മേല്‍ സമാധാനത്തിന്റെ കിരണങ്ങള്‍ വീശാന്‍ പുല്‍ക്കൂടിനു മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കാന്‍ കുഞ്ഞുങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഉക്രെയ്‌നിലെ യുദ്ധം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അനേകം ജീവനുകളെ ഇല്ലാതാക്കുകയാണെന്നും മാര്‍പ്പാപ്പാ വേദനയോടെ അനുസ്മരിച്ചു.

ഞായറാഴ്ച്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച വിശ്വാസികള്‍ക്കു നല്‍കിയ സന്ദേശത്തിലാണ് മാര്‍പ്പാപ്പയുടെ ആഹ്വാനം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കൊണ്ടുവന്ന ഉണ്ണീശോയുടെ വിവിധ രൂപങ്ങള്‍ മാര്‍പ്പാപ്പ ആശീര്‍വദിച്ചു. 50 വര്‍ഷമായി നോമ്പുകാലത്തെ മൂന്നാമത്തെ ഞായറാഴ്ച തുടരുന്ന പതിവാണിത്.

ലോകമെമ്പാടുമുള്ള നിരവധി തീര്‍ത്ഥാടകര്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ എത്തിയിരുന്നു. ഈ ക്രിസ്മസിന് തങ്ങളുടെ പുല്‍ക്കൂടുകളില്‍ വയ്ക്കുന്ന ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആശീര്‍വാദ കര്‍മ്മങ്ങളില്‍ അവിടെ കൂടിയിരുന്നവരും പങ്കാളികളായി. ഇത്തരമൊരു പാരമ്പര്യം ആരംഭിച്ചത് 1969 ഡിസംബര്‍ 21-ന് വി. പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ്.

നോമ്പുകാലം പുതിയ വഴികളിലൂടെ കര്‍ത്താവിനെ വീണ്ടും തിരിച്ചറിയാനുള്ള അവസരം ഒരുക്കുന്നതായി ഫ്രാന്‍സിസ് പാപ്പ ദിവ്യബലി മദ്ധ്യേ വായിച്ച മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച് പറഞ്ഞു. യോഹന്നാന്‍ സ്‌നാപകനെപ്പോലെ, കര്‍ത്താവ് ആരാണെന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം പുതുക്കാനും ദൈവത്തിന്റെ കരുണയിലും ആര്‍ദ്രതയിലും നമ്മെ ആശ്ചര്യപ്പെടുത്താനും നോമ്പുകാലത്തെ വിനിയോഗിക്കണമെന്നും മാര്‍പ്പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സ്‌നാപക യോഹന്നാന്‍ ജയിലില്‍ കിടന്നുകൊണ്ട് യേശുവിനെക്കുറിച്ച് അന്വേഷിക്കുന്നതായി ഇന്നത്തെ സുവിശേഷഭാഗത്തില്‍ കാണാം. യേശു തന്നെയാണോ യഥാര്‍ത്ഥത്തില്‍ വരുവാനിരിക്കുന്ന രക്ഷകന്‍ എന്നു ചോദിക്കാന്‍ ക്രിസ്തുവിന്റെ അടുത്തേക്ക് തന്റെ ശിഷ്യന്മാരെ യോഹന്നാന്‍ അയയ്ക്കുന്നു.

എല്ലാവരോടുമുള്ള അനുകമ്പയാലും സ്നേഹനിര്‍ഭരമായ കാരുണ്യത്താലും രോഗികളെ സുഖപ്പെടുത്തുകയും അന്ധര്‍ക്ക് കാഴ്ച നല്‍കുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ദരിദ്രരോട് പ്രവാചകന്മാരെപ്പോലെ സദ്‌വാര്‍ത്ത പ്രസംഗിക്കുകയും ചെയ്യുന്ന യേശു യഥാര്‍ത്ഥത്തില്‍ ക്രിസ്തുവാണെന്ന് സ്‌നാപക യോഹന്നാന്‍ വീണ്ടും തിരിച്ചറിയുന്നു.

ഈ അനുഭവം ആശ്ചര്യകരമായി തോന്നാമെന്ന് മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. കാരണം യേശുവിന് ജോര്‍ദാനില്‍ വച്ച് ജ്ഞാനസ്‌നാനം നല്‍കുകയും അവിടുന്ന് ദൈവത്തിന്റെ കുഞ്ഞാടാണെന്ന് ശിഷ്യന്മാരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നു.

'ഏറ്റവും വലിയ വിശ്വാസി പോലും സംശയത്തിന്റെ തുരങ്കത്തിലൂടെ കടന്നുപോകുന്നു എന്ന് ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ ഇത് ഒരിക്കലും മോശം കാര്യമല്ല. നേരെമറിച്ച്, ആത്മീയ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നു നാം മനസിലാക്കണം. ദൈവം നാം സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ എത്രയോ വലിയവനാണെന്ന് തിരിച്ചറിയാന്‍ ഇത് നമ്മെ സഹായിക്കുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞു.

യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുന്‍വിധികളില്‍നിന്ന് എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു.
നമ്മുടെ ആവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അതീതമായി ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ നാം എപ്പോഴും തുറന്നിരിക്കേണ്ടതുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

അതുകൊണ്ട് നാം എപ്പോഴും കര്‍ത്താവിനെ അന്വേഷിക്കുകയും നമ്മുടെ കണ്ണുകള്‍ തുറന്നിരിക്കുകയും അവനാല്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയും വേണം. ഈശോസഭാ ദൈവശാസ്ത്രജ്ഞനായ ഹെന്റി ഡി ലുബാക്കിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ തുടര്‍ന്നു, പല ഘട്ടങ്ങളിലൂടെ ദൈവത്തെ നാം വീണ്ടും കണ്ടെത്തേണ്ടതായി വരും. യോഹന്നാന്‍ സ്‌നാപകനെ പോലെ കര്‍ത്താവിനെ നമുക്കും വീണ്ടും കണ്ടെത്താം. അതിനായി നമ്മുടെ മനസുകള്‍ തുറക്കാം. നമ്മുടെ മുന്‍വിധികളും മാനസികാവസ്ഥകളും നമ്മുടെ ബോധ്യത്തെ പരിമിതപ്പെടുത്താന്‍ അനുവദിക്കരുത്.

ചില സമയങ്ങളില്‍ കര്‍ത്താവില്‍ ഒരു പുതുമയും കണ്ടെത്താനില്ലെന്നു തോന്നിയേക്കാം. ദൈവത്തെക്കുറിച്ച് വളരെയധികം അറിയാം എന്ന ബോധ്യത്തിന്റെ തടവറയില്‍ നാം ബന്ദിയാക്കപ്പെട്ടേക്കാം.

ഒരുപക്ഷേ നാം കാണുന്നതും മനസിലാക്കുന്നതും ശക്തനായ ദൈവത്തെ മാത്രമാണ്. എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും ബഹുമാനിക്കുന്ന, സൗമ്യതയും കരുണയും സ്‌നേഹവുമുള്ള ദൈവത്തെ കാണാതെ പോകുന്നു. ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും കുറിച്ചുള്ള പല ചിന്താഗതികളും മുന്‍വിധികളും ഉപേക്ഷിക്കേണ്ട സമയമാണിത്. നമ്മുടെ കാഴ്ചപ്പാടുകളെ തകിടം മറിക്കാനും ദൈവത്തിന്റെ കരുണയില്‍ നമ്മെത്തന്നെ ആശ്ചര്യപ്പെടാനും അനുയോജ്യമായ സമയമാണ് നോമ്പുകാലം.

'ശിശുവായ യേശുവിന്റെ തിരുപ്പിറവി ദൃശ്യം ഒരുക്കുമ്പോള്‍, നമ്മുടെ കര്‍ത്താവ് ആരാണെന്ന് നാം വീണ്ടും മനസിലാക്കുന്നു. ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും കുറിച്ചുള്ള പല ചിന്താഗതികളും മുന്‍വിധികളും നാം ഈ ഘട്ടത്തില്‍ ഉപേക്ഷിക്കണം. നമുക്കു കിട്ടാനുള്ള സമ്മാനങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനുപകരം, യേശു അന്ധരോടും ബധിരരോടും മുടന്തരോടും ചെയ്തതുപോലെ, മുറിവേറ്റവര്‍ക്ക് ആശ്വാസത്തിന്റെ വാക്കുകളും പ്രവൃത്തിയും നല്‍കാന്‍ കഴിയുന്ന സമയമാണ് ഈ നോമ്പുകാലം.

ക്രിസ്മസിനായി നാം ഒരുങ്ങുമ്പോള്‍ നമ്മുടെ കൈപിടിച്ചുയര്‍ത്താന്‍ പരിശുദ്ധ അമ്മയ്ക്ക് കഴിയട്ടെയെന്ന് മാര്‍പ്പാപ്പ ഉപസംഹാരമായി പറഞ്ഞു. ഏറ്റവും എളിയവനായി നമ്മുടെ ഇടയില്‍ വസിക്കാന്‍ വരുന്ന യേശുവിന്റെ മഹത്വം നാം തിരിച്ചറിയണമെന്നും പാപ്പാ ഓര്‍മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.