ബിനീഷ് അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടാൻ ഒരുങ്ങി ഇ ഡി

ബിനീഷ് അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടാൻ ഒരുങ്ങി ഇ ഡി

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം. മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ വകുപ്പിന് ഇഡി കത്ത് നല്‍കി. സ്വാഭാവിക നടപടിക്രമം അനുസരിച്ച്‌ അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇ.ഡി പൂര്‍ത്തീകരിക്കും.

ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ താമസിച്ചിരുന്ന വീടാണ് ഇത്. ഇഡി റെയ്ഡിനിടെ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായ വീടാണ് ഇത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്രെഡിഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഇഡി കൊണ്ടുവന്നിട്ടതാണെന്ന വാദവുമായി ബനീഷിന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഈ കാര്‍ഡുകള്‍ തിരുവനന്തപുരത്ത് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ കൂടുതൽ വിവരങ്ങൾ ഇ ഡി ക്കു ലഭിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്നു സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫിന്റെ മൊഴി പരിശോധിക്കുകയാണെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇ.ഡി. സോണല്‍ ഓഫീസില്‍ പത്തുമണിക്കൂര്‍ ചോദ്യംചെയ്തശേഷമാണ് അബ്ദുല്‍ ലത്തീഫിനെ വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ബിനീഷിന്റെയും അബ്ദുല്‍ ലത്തീഫിന്റെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി.യില്‍നിന്നുള്ള വിവരം.

മൊഴികള്‍ പരിശോധിച്ചശേഷം ബിനീഷിനെയും അബ്ദുല്‍ ലത്തീഫിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. ലഹരിക്കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.