ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തെ തുരത്തിയതായും ഇന്ത്യന്‍ സൈനികരില്‍ ആര്‍ക്കും ജീവഹാനിയോ ഗുരുതര പരിക്കോ ഏറ്റിട്ടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു.
ഡിസംബര്‍ ഒമ്പതിന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ തല്‍സ്ഥിതി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചു. എന്നാല്‍ സമയോചിതമായ ഇടപെടിലിലൂടെ സൈന്യം അത് പരാജയപ്പെടുത്തിയതായും രാജ്നാഥ് പറഞ്ഞു.
ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും ഏതാനും സൈനികര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഇന്ത്യന്‍ സൈനികരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും സൈന്യത്തിന്റെ വീരോചിതമായ ഇടപെടലിനെ തുടര്‍ന്ന് തവാങ് മേഖലയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍മാറിയതായും രാജ്നാഥ് ലോക്സഭയെ അറിയിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ചയില്ലെന്നും ഒരു ഇഞ്ച് ഭുമി പോലും വിട്ടുകൊടുക്കില്ലെന്നും ഏത് തരത്തിലുള്ള വെല്ലുവിളി നേരിടാനും സൈന്യം പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉന്നതതല യോഗം വിളിച്ചിരുന്നു. സംയുക്ത സൈനിക മേധാവി, മൂന്ന് സൈനിക മേധാവികള്‍, വിദേശകാര്യ മന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
വിഷയത്തില്‍ മനീഷ് തിവാരി എംപി അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് രാജ്യത്തിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ഇതിനിടെ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ലോക്സഭയിലായിരുന്നു ഇന്ന് ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടത്. ബഹളം ശക്തമായതോടെ സഭ 12 മണി വരെ നിര്‍ത്തി വച്ചിരുന്നു. പ്രതിരോധ മന്ത്രി സഭയിലെത്തി പ്രസ്താവന നടത്തുന്നത് വരെയാണ് സഭ നിര്‍ത്തിവെച്ചത്.
രാജ്യസഭയില്‍ തൃണമൂല്‍ എംപി ഡെറിക് ഒബ്രയാന്‍, കോണ്‍ഗ്രസ് എംപി പി. ചിദംബരം തുടങ്ങിയവര്‍ ചര്‍ച്ച ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്‍പ് ചര്‍ച്ച വേണമെന്നായിരുന്നു ആവശ്യം. പറ്റില്ലെങ്കില്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ചര്‍ച്ച നടത്തുമോയെന്ന് വ്യക്തമാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
എന്നാല്‍ സ്പീക്കര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും വിന്നിട് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.