ന്യൂഡല്‍ഹി: ഒഐസി സെക്രട്ടറി ജനറലിന്റെ പാക് അധീന കാശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച് ഇന്ത്യ. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ സെക്രട്ടറി ജനറല്‍ ഹിസെയ്ന്‍ ബ്രാഹിം താഹ പാക് അധീന കാശ്മീരില്‍ ത്രിദിന സന്ദര്‍ശനം നടത്തി ജമ്മുകാശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തുകയിരുന്നു.
ഡിസംബര്‍ 10 മുതല്‍ 12 വരെയായിരുന്നു താഹ സന്ദര്‍ശനം നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
പാക് അധീന കാശ്മീരുമായും പരിസര മേഖലകളുമായും ബന്ധമുള്ള കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ താഹയ്ക്ക് അധികാരമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും അനാവശ്യമായി തടയിടാനുമുള്ള ഒഐസിയുടെയും അതിന്റെ സെക്രട്ടറി ജനറലിന്റെയും ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഒഐസിയുടെ വിശ്വാസ്യത നേരത്തെ തന്നെ നഷ്ടപ്പെട്ടതാണ്. പല വിഷയങ്ങളിലും പക്ഷപാതപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ സമീപനം സ്വീകരിച്ച് ഒഐസി വിശ്വാസത്യത ഇല്ലാതാക്കിയെന്നും അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി.
പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ താഹ നടത്തിയ കാശ്മീര്‍ പരാമര്‍ശവും പാക് അധീന കാശ്മീര്‍ സന്ദര്‍ശനവും ഇന്ത്യ ശക്തമായി അപലപിക്കുകയാണ്. ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ ഒഐസിക്ക് യാതൊരു അവകാശവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണെന്നും പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അരിന്ദം ബാഗ്ച്ചി കൂട്ടിച്ചേര്‍ത്തു.
ഒഐസിയുടെ സന്ദര്‍ശനത്തെക്കുറിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോഴായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.
പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒഐസി സ്വീകരിച്ച വര്‍ഗീയ സമീപനമാണ് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയത്. പാകിസ്ഥാന്റെ മുഖപത്രമായി മാറിയിരിക്കുകയാണ് ഒഐസിയുടെ സെക്രട്ടറി ജനറല്‍. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നീചമായ അജണ്ടയില്‍ നിന്നും ഒഐസി വിട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.