ഐപിഎല്‍ മിനി ലേലം; അന്തിമ പട്ടികയില്‍ 405 താരങ്ങള്‍; ലേലം നടക്കുന്നത് കൊച്ചിയില്‍

ഐപിഎല്‍ മിനി ലേലം; അന്തിമ പട്ടികയില്‍ 405 താരങ്ങള്‍; ലേലം നടക്കുന്നത് കൊച്ചിയില്‍

മുംബൈ: ഇത്തവണത്തെ ഐപിഎല്‍ മിനി ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ടീമുകളില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്കാണ് ലേലം നടക്കുന്നത്. ആകെ 405 താരങ്ങളാണ് ലേലത്തിലുള്ളത്. ഇതില്‍ 273 പേര്‍ ഇന്ത്യന്‍ താരങ്ങളും 132 പേര്‍ വിദേശ താരങ്ങളുമാണ്. നാല് പേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ലേലം നടക്കുക.

30 വിദേശ താരങ്ങള്‍ക്ക് ഉള്‍പ്പെടെ പരമാവധി 87 താരങ്ങള്‍ക്കാണ് ഐപിഎല്ലില്‍ അവസരം ലഭിക്കുക. ലേലത്തിലുള്ള താരങ്ങളില്‍ 119 പേര്‍ ക്യാപ്പ്ഡ് താരങ്ങളും 282 പേര്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളുമാണ്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്, ജോ റൂട്ട്, ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളും ഇത്തവണ ലേലത്തിനെത്തുന്നുണ്ട്. ഒരു കോടി രൂപയാണ് മൂവര്‍ക്കും അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ നിരയില്‍ മനീഷ് പാണ്ഡെക്കും, പഞ്ചാബ് കിങ്സ് കൈവിട്ട മായങ്ക് അഗര്‍വാളിനുമാണ് അടിസ്ഥാന വില കൂടുതല്‍. ഒരു കോടി രൂപയാണ് ഇരുവരുടെയും അടിസ്ഥാന വില. ആകെ 20 താരങ്ങളാണ് ഒരു കോടി രൂപയുടെ പട്ടികയിലുള്ളത്. ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ എന്നിവര്‍ 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ലേലത്തില്‍ പങ്കെടുക്കുന്ന 132 വിദേശതാരങ്ങളില്‍ 27 പേര്‍ ഇംഗ്ലണ്ടില്‍ നിന്നുള്ളതാണ്. ഓസ്ട്രേലിയയില്‍ നിന്ന് 21 താരങ്ങളും, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 22 പേരും, വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് 20 പേരും, ന്യൂസിലന്‍ഡില്‍ നിന്ന് 10 പേരും, അഫ്ഗാനിസ്ഥാനില്‍ നിന്ന് എട്ട് പേരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കെ.എം.ആസിഫ്, എസ്.മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, പി.എ.അബ്ദുല്‍ എന്നീ 10 താരങ്ങളും ലേലത്തിനായുണ്ട്.

നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനാണ് ഏറ്റവുമധികം തുകയും കൈവശമുള്ളത്. പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയ സണ്‍റൈസേഴ്സിന്റെ പക്കല്‍ 42.25 കോടി രൂപയാണുള്ളത്. 7.2 കോടി രൂപ മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തില്‍ ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന ടീം.

പഞ്ചാബ് കിങ്സ് (32.20 കോടി,) ചെന്നൈ സൂപ്പര്‍ കിംഗ്സ് (20.45 കോടി), ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് (23.35 കോടി), മുംബൈ ഇന്ത്യന്‍സ് (20.55 കോടി), ഡല്‍ഹി കാപിറ്റല്‍സ് (19.45 കോടി), നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് (19.25 കോടി) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ കൈവശമുള്ള തുകകള്‍.

ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഏഴ് താരങ്ങളുടെ ഒഴിവാണുള്ളത്. ഡല്‍ഹി കാപ്പിറ്റല്‍സില്‍ അഞ്ച്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 11, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 10, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളില്‍ ഒമ്പത് വീതവും, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളില്‍ ഏഴ് വീതവും രാജസ്ഥാനില്‍ ഒമ്പതും സണ്‍റൈസേഴ്സില്‍ 13 ഉം താരങ്ങളുടെ ഒഴിവുകളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.