കൊവിഡ് വരും മാസങ്ങളിൽ രൂക്ഷമാകാൻ സാധ്യത; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ സജ്ജമാകണം: സുപ്രീംകോടതി

കൊവിഡ് വരും മാസങ്ങളിൽ രൂക്ഷമാകാൻ സാധ്യത; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൂർണ സജ്ജമാകണം: സുപ്രീംകോടതി

രാജ്യത്തെ കൊവിഡ് സാഹചര്യം വരും മാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സുപ്രിംകോടതി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണതോതില്‍ സജ്ജമാകണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

എല്ലാ സംസ്ഥാനങ്ങളും വ്യാഴാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു. അതേസമയം, രാജ്യത്ത് രോഗബാധിതരുടെ എണ്ണം തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. കൊവിഡ് നിയന്ത്രണവും, മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതു താല്പര്യ ഹര്‍ജികള്‍ പരിഗണിച്ച് കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയത്. രണ്ടാഴ്ചയായി ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം രൂക്ഷമായെന്ന് കോടതി നിരീക്ഷിച്ചു.

ഗുജറാത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. രാജ്യത്ത് കേസുകള്‍ വര്‍ധിക്കുകയാണെന്നും ഡിസംബറിലെ സാഹചര്യം കൂടി മുന്നില്‍ കാണണമെന്നും ജസ്റ്റിസ് സുഭാഷ് റെഡ്ഡി മുന്നറിയിപ്പ് നല്‍കി. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകളും 511 മരണവും റിപ്പോര്‍ട്ട് ചെയ്തു. 93.69 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജസ്ഥാന്‍ ആരോഗ്യമന്ത്രി രാഗു ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുപ്രിംകോടതി ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ചു മരിച്ചു. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.