സംവിധായകന്റെ മുടിയെക്കുറിച്ചുള്ള പരാമര്‍ശം; ബോഡി ഷേമിങില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

സംവിധായകന്റെ മുടിയെക്കുറിച്ചുള്ള പരാമര്‍ശം; ബോഡി ഷേമിങില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

തിരുവനന്തപുരം: ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങിനിടെ സംവിധായകനെ ബോഡി ഷെയ്മിംഗ് നടത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി. ജൂഡിന് തലയില്‍ മുടി ഇല്ലെന്നേയുള്ളു, ബുദ്ധിയുണ്ടെന്നായിരുന്നു ടീസര്‍ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ജൂഡിനെ മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന രീതിയിലുള്ള ചര്‍ച്ചകളും വിമര്‍ശനകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് വിശദീകരണവുമായി മമ്മൂട്ടി നേരിട്ട് രംഗത്തെത്തിയത്. 

''പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.'' ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മമ്മൂട്ടി പറയുന്നു.

മമ്മൂട്ടി ബോഡി ഷേമിംഗ് നടത്തിയെന്ന വിമര്‍ശനങ്ങളോട് ജൂഡും പ്രതികരിച്ചിരുന്നു. ''മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍ അഥോറിറ്റി, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്,'' എന്നായിരുന്നു ജൂഡ് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.