ഷാർജ : രാജസ്ഥാനില്‍ പ്രമുഖ താരങ്ങളൊന്നുമില്ല. ഇത്തവണ തിളങ്ങില്ല എന്ന് പറഞ്ഞവരൊക്കെ ഒന്ന് അമ്പരന്നു. സഞ്ജു സാംസണ്‍ ക്രീസില്‍ വന്നതോടെ പന്തിന് നിലത്ത് നില്‍ക്കാന്‍ തന്നെ അവസരമില്ലായിരുന്നു. തലങ്ങും വിലങ്ങുമാണ് ചെന്നൈ ബൗളര്‍മാരെ സാംസണ്‍ പ്രഹരിച്ചത്. യുഎഇയിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ എട്ട് സിക്‌സറുകള്‍ ഇതുവരെ പറത്തിയിട്ടുണ്ട് സാംസണ്‍. അതിവേഗ അര്‍ധ സെഞ്ച്വറിയും ഈ സീസണില്‍ ഇതോടെ സഞ്ജുവിന്റെ പേരിലാണ്. 19 പന്തിലാണ് സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരിക്കലും വിചാരിക്കാത്ത കടന്നാക്രമണമാണ് സഞ്ജുവില്‍ നിന്നുണ്ടായത്.</p>
ഐപിഎല്‍ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈയ്ക്ക് എതിരെ 16 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് രാജസ്ഥാന്‍ പിടിച്ചെടുത്തത്. ഫാഫ് ഡുപ്ലെസിയുടെ (37 പന്തിൽ 72) ഒറ്റയാന്‍ പോരാട്ടം ചെന്നൈയെ രക്ഷിക്കാനായില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 200 റണ്‍സിൽ പോരാട്ടം അവസാനിപ്പിച്ചു. രാജസ്ഥാന് വേണ്ടി ലെഗ് സ്പിന്നര്‍ രാഹുല്‍ തേവാട്ടിയ മൂന്നു വിക്കറ്റുകള്‍ കണ്ടെത്തി. മറ്റൊരു സ്പിന്നറായ ശ്രേയസ് ഗോപാലിനും ടോം കറനും ഒരോ വിക്കറ്റുണ്ട്. ആദ്യ ഇന്നിങ്‌സില്‍ സഞ്ജു സാംസണ്‍ (74), സ്റ്റീവ് സ്മിത്ത് (69), ജോഫ്ര ആര്‍ച്ചര്‍ (27) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന്‍ സ്‌കോര്‍ 200 കടത്തിയത്.
ഓവറില്‍ 11 റണ്‍സിന് മുകളില്‍ വേണമെന്നിരിക്കെ അതീവ സമ്മര്‍ദ്ദത്തിലായിരുന്നു മുന്‍ ചാംപ്യന്‍മാരുടെ തുടക്കം. എന്നാല്‍ മൂന്നാം ഓവര്‍ മുതല്‍ മുരളി വിജയും ഷെയ്ന്‍ വാട്‌സണും കൂടി രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ തുടങ്ങി. പക്ഷെ ഏഴാം ഓവറില്‍ തേവാട്ടിയ വാട്‌സണിന്റെ (33) സ്റ്റംപ് തെറിപ്പിച്ചു. തൊട്ടടുത്ത ഓവറില്‍ ശ്രേയസ് ഗോപാല്‍ മുരളി വിജയെയും (21) പുറത്താക്കി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സാം കറനെയാണ് നായകന്‍ ധോണി അടുത്തതായി പറഞ്ഞുവിട്ടത്. വരുന്ന പന്തിനെയെല്ലാം അതിര്‍ത്തി കടത്തുക മാത്രമായിരുന്നു സാം കറന്റെ ലക്ഷ്യം. ഒന്‍പതാം ഓവറില്‍ തുടര്‍ച്ചയായി രണ്ടുതവണ തേവാട്ടിയയെ അതിര്‍ത്തി പറപ്പിച്ച താരം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. . ക്രീസില്‍ നിന്നും ഇറങ്ങിയ സാം കറനെ (17) സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്തു. ആദ്യപന്തില്‍ത്തന്നെ തേവാട്ടിയയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച റിതുരാജ് ഗെയ്ക്‌വാഡാകട്ടെ (0) വന്നതിലും വേഗത്തില്‍ കൂടാരത്തില്‍ തിരിച്ചെത്തി. ( ജെ കെ.)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.