ന്യൂഡല്‍ഹി: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനില്‍ നിന്ന് ഇറാനെ നീക്കം ചെയ്യുന്നതിനുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നെങ്കിലും 29 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചതോടെ ഇറാന്‍ കമ്മീഷനില്‍ നിന്ന് പുറത്തായി.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളുടെ പേരിലാണ് ഇറാനെ ഐക്യരാഷ്ട്രസഭയുടെ വനിതാ ബോഡിയില്‍ നിന്ന് നീക്കം ചെയ്തത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഇടയില്‍ യുവതിയുടെ കസ്റ്റഡി മരണം ഉണ്ടായതിന് ശേഷം രാജ്യത്തുണ്ടായ വമ്പിച്ച പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ അമേരിക്കയാണ് പ്രമേയം കൊണ്ട് വന്നത്.
ഇറാനെ 2022-26 വര്‍ഷങ്ങളിലെ ശേഷിക്കുന്ന കാലയളവില്‍ വനിതാ കമ്മീഷനില്‍ നിന്ന് ഒഴിവാക്കാനാണ് 54 അംഗ യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ (ഇസിഒഎസ്ഒസി) തീരുമാനം എടുത്തത്. ഇറാനെ നീക്കം ചെയ്യുന്നത് ശരിയായ കാര്യമാണെന്നും, സംഘടനയിലെ ടെഹ്റാന്റെ അംഗത്വത്തെ ''കമ്മീഷന്റെ വിശ്വാസ്യതയില്‍ ഏറ്റ കളങ്കം'' എന്നും ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് വോട്ടെടുപ്പിന് മുമ്പ് ഇസിഒഎസ്ഒസില്‍ പറഞ്ഞു.
ഇറാന്‍ യുഎന്‍ അംബാസഡര്‍ അമീര്‍ സെയ്ദ് ഇരവാനി യുഎന്‍ നടപടി നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു. സ്ത്രീകളുടെ സാമൂഹിക അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 45 അംഗ കമ്മീഷന്‍ എല്ലാ വര്‍ഷവും എല്ലാ മാര്‍ച്ചിലും യോഗം ചേരുകയും ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുകയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.