'തയ്യാറായി ഇരുന്നോളൂ, പണ്ഡിറ്റുകളുടെ കോളനികള്‍ കുഴിമാടങ്ങളാക്കും'; കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വീണ്ടും ഭീകരരുടെ വധഭീഷണി

'തയ്യാറായി ഇരുന്നോളൂ, പണ്ഡിറ്റുകളുടെ കോളനികള്‍ കുഴിമാടങ്ങളാക്കും'; കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വീണ്ടും ഭീകരരുടെ വധഭീഷണി

ശ്രീനഗര്‍: കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വീണ്ടും വധഭീഷണിയുമായി ഭീകരര്‍. കാശ്മീര്‍ ഫൈറ്റ് എന്ന ഭീകര സംഘടനയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധഭീഷണിയുമായെത്തിയത്. കാശ്മീരി പണ്ഡിറ്റുകളുടെ കോളനികള്‍ കുഴിമാടങ്ങളാക്കും എന്നാണ് ഇവരുടെ ഭീഷണി. സര്‍ക്കാര്‍ ജീവനക്കാരായ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ബാരാമുള്ളയിലും ബന്ദിപ്പോരയിലും നിര്‍മ്മിക്കുന്ന കോളനികള്‍ ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് ഭീഷണി.

വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സുംബല്‍ പ്രദേശത്തുള്ള ഒഡിന ഗ്രാമത്തിലാണ് താഴ്വരയിലേക്ക് തിരിച്ചെത്തിയ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് വേണ്ടി ജമ്മു കാശ്മീര്‍ ഭരണകൂടം താമസസൗകര്യം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കീഴില്‍ ജോലി ലഭിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഈ സൗകര്യം. ഇവര്‍ക്കെതിരെയാണ് ഭീകരരുടെ വധഭീഷണി.

രണ്ട് പ്രദേശങ്ങളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഭീകര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. കോളനികളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് നേരെയും ഇവര്‍ വധഭീഷണി മുഴക്കി.

''ഓര്‍ക്കുക സമുദ്രങ്ങള്‍ അലറുമ്പോള്‍ അത് ലക്ഷ്യമിടുന്നതെല്ലാം തകര്‍ക്കും. തയ്യാറായി ഇരുന്നോളൂ. പുതിയ പദ്ധതി പ്രദേശങ്ങള്‍ തീര്‍ച്ചയായും ശ്മശാനമാക്കും. ഇവിടെ ഇസ്രായേലിലേതു പോലുള്ള സെറ്റില്‍മെന്റുകള്‍ അനുവദിക്കില്ല. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ ഉള്‍പ്പെടെ എല്ലാവരെയും തകര്‍ക്കും'' എന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.

നേരത്തെയും ഇത്തരത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ട് തീവ്രവാദ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴില്‍ അധ്യാപകരായി കശ്മീര്‍ താഴ്‌വരയില്‍ ജോലി ചെയ്യുന്ന 57 കശ്മീരി പണ്ഡിറ്റ് ജീവനക്കാര്‍ക്ക് നേരെയായിരുന്നു ഭീഷണി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.