ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28 മത് പതിപ്പിന് ഇന്ന് തുടക്കം. ജനുവരി 29 വരെ നീണ്ടുനില്‍ക്കുന്ന 46 ദിവസമാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുക. ഷോപ്പിംഗ് ആസ്വദിക്കുക മാത്രമല്ല, സംഗീതം,കല, ഭക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി ആഘോഷപരിപാടികളാണ് ഇത്തവണയും ഒരുക്കിയിട്ടുളളത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കലാകാരന്മാരായ മുഹമ്മദ് ഹമാക്കിയും അഹമ്മദ് സാദും പങ്കെടുക്കുന്ന പ്രത്യേക കച്ചേരി നടക്കും. പത്ത് വർഷത്തിന് ശേഷം ട്യൂണ്‍സ് ഡിഎക്സ്ബി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും 28മത് എഡിഷനുണ്ട്. ദുബായ് ബീറ്റ്സിന്‍റെ രണ്ടാം പതിപ്പ് ജനുവരി ആറിനും ഏഴിനും നടക്കും. ദുബായ് മീഡിയ സിറ്റി ആംഫി തിയറ്ററില്‍ 11 ലധികം കലാകാരന്മാർ ദുബായ് ബീറ്റ്സിന്‍റെ ഭാഗമാകും.

വെടിക്കെട്ടും പ്രദർശനങ്ങളും

ഡിഎസ്എഫിന്‍റെ പ്രധാന ആകർഷണങ്ങള്‍ വെടിക്കെട്ടും പ്രത്യേക പ്രദർശനങ്ങളുമാണ്. ഇന്ന് രാത്രി 9 മണിക്ക് ബ്ലൂവാട്ടേഴ്സ് ആന്‍റ് ദ ബീച്ച്, ജെബിആർ, ബുർജ് അല്‍ അറബ്, ദുബായ് ഫ്രെയിം, അല്‍ സീഫ്, ദുബായ് ക്രീക്ക്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ വെടിക്കെട്ട് നടക്കും. ഡിസംബർ 16 മുതല്‍ ജനുവരി 29 വരെ അല്‍ സറൗണി ഗ്രീപ്പിന്‍റെ വെടിക്കെട്ട് ബ്ലൂവാട്ടേഴ്സ് ആന്‍റ് ദ ബീച്ച്, ജെബിആർ, അല്‍ സീഫ്, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ മേഖലകളില്‍ നടക്കും. ഡിഎസ്എഫിന്‍റെ വെബ് സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ഡ്രോണ്‍ ഷോയും ഇത്തവണ നിരവധി പേരെ ആകർഷിക്കും. രണ്ട് ആശയത്തിലൂന്നിയാണ് ഇത്തവണ ഡ്രോണ്‍ ഷോ നടക്കുക.ഡിഎസ്എഫിന്‍റെ ഭാഗമായി നടക്കുന്ന ഡിസ്കൗണ്ടുകളുടെയും ആനുകൂല്യങ്ങളുടെയും ആഘോഷങ്ങളുടെയും ഡ്രോണ്‍ ഷോയും 2040 ദുബായ് വിഷന്‍റെ ഭാഗമായുളള ദുബായുടെ ഭാവിയും ഡ്രോണ്‍ ഷോയില്‍ തെളിയും.ജെബിആർ ലെ ദ ബീച്ചില്‍ രാത്രി 7 നും 10 നുമാണ് ഡ്രോണ്‍ ഷോ. പുതുവത്സരതലേന്ന് ഷോയുടെ സമയം രാത്രി 8 നും 11 നുമായിരിക്കും. ഡിസംബർ 23,24 തിയതികളിലും ജനുവപി 13,14,27,28 തിയതികളിലും പ്രത്യേക ലേസർ ഷോയുമുണ്ടാകും. ഫെബ്രുവരി 12 വരെ അല്‍സീഫ് ഹെറിട്ടേജ് ഹോട്ടലിലെ മർഡർ മിസ്റ്ററിയും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ അനുഭവിച്ചറിയാം. മോദേഷും ഡാനയും ഡിഎസ് എഫില്‍ ഉടനീളം വിവിധ പരിപാടികളില്‍ സാന്നിദ്ധ്യമറിയിക്കും.

ആകർഷകമാകും ദുബായ് ലൈറ്റുകള്‍
നഗരത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കലാകാരന്മാരുടെ നേതൃത്വത്തില്‍ ലൈറ്റ് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.സിറ്റിവാക്ക് 2, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട്, ദ പോയിന്‍റെ എന്നിവിടങ്ങളിലാണ് പ്രദർശനം. ടൈം ട്രാവലാണ് ഡിഎസ്എഫിലെ പുതിയ ആകർഷണം. ഡിസംബർ 23 മുതൽ ജനുവരി 1 വരെ ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജിൽ വൈകുന്നേരം 5 മുതൽ രാത്രി 11 വരെയാണ് ടൈം ട്രാവല്‍ നടക്കുക. ഉപയോഗിച്ച കളിപ്പാട്ടങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ എന്നിവയിൽ നിന്ന് വീഡിയോ കൺസോളുകളിലേക്കും ക്ലാസിക് കാറുകളിലേക്കും മറ്റും പഴയ സ്‌കൂൾ പോപ്പ് സംസ്‌കാരത്തെ കൊണ്ടുവരിയാണ് ടൈം ട്രാവലിലൂടെ ദുബായ് 80.

സമ്മാനങ്ങളും നിരവധി

ടിവി, ഐ ഫോണ്‍ 14 പ്രോ മാക്സ്, ജെം സ്റ്റോണ്‍ ജ്വല്ലറി സെറ്റുകള്‍ ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നേടാനുളള അവസരവും ഡിഎസ്എഫ് മുന്നോട്ട് വയ്ക്കുന്നു.ജംബോ, ഷറഫ് ഡിജി, ജവഹറ ജ്വല്ലറി, ഇറോസ്, ഇമാക്‌സ്, ഗാലറിസ് ലഫായെറ്റ്, റിവോളി, ഐസോൺ, ഫേസ്, ജഷൻമാൽ എന്നിവയുൾപ്പെടെ ഡിഎസ്എഫിന്‍റെ ഭാഗമാകുന്ന 10 ബ്രാൻഡുകളിൽ ഒന്നിൽ 500 ദിർഹം ചെലവാക്കിയാല്‍ നറുക്കെടുപ്പിന്‍റെ ഭാഗമാകാനുളള കൂപ്പണ്‍ ലഭിക്കും. ഡിസംബർ 15 മുതൽ 25 വരെ ഓരോ ദിവസവും 10 സമ്മാനങ്ങളാണ് ലഭിക്കുക.കൂടാതെ, ഏതെങ്കിലും ഇനോക് അല്ലെങ്കിൽ എപ്കോ പെട്രോൾ സ്റ്റേഷനിൽ നിന്ന് 200 ദിർഹത്തിന് ഒരു ടിക്കറ്റ് വാങ്ങുമ്പോള്‍ ലഭിക്കുന്ന മെഗാ റാഫിളിലൂടെ ദിവസേന നിസ്സാൻ പട്രോളും 100,000 ദിർഹവും നേടാനുള്ള അവസരവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.